-->
തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സഭയിലും സഭയ്ക്ക് പുറത്തും പ്രതിപക്ഷ പ്രതിഷേധം. ഭരണപക്ഷവും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം നടത്തി. തുടര്‍ന്ന് പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഗൗരവതരമായ വിഷയമാണ് ശബരിമലയില്‍ നടന്നിരിക്കുന്നതെന്നും ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നും ദേവസ്വം പ്രസിഡന്റിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.
ശബരിമല ധര്‍മ്മശാസ്താവിന്റെ സ്വര്‍ണ്ണം കവര്‍ന്നെടുത്ത സംഭവം വളരെ മുമ്പ് തന്നെ നടന്ന വിവരം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാവുന്ന കാര്യമാണെന്നും ഹൈക്കോടതി് ഇപ്പോള്‍ നടത്തിയ ഇടപെടലിലൂടെയാണ് ജനം ഇക്കാര്യം അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. 2019 ലെയും 22 ലെയും മഹസ്സര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം മാറ്റിയ വിവരം ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടതെന്നും പറഞ്ഞു.
സന്നിധാനത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല ഉത്തരവാദികളെന്നും അദ്ദേഹം മാത്രമാണെങ്കില്‍ എന്തുകൊണ്ട് 2022 ല്‍ പരിശോധന നടത്തിയില്ല എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 30 കിലോ സ്വര്‍ണ്ണം ഉള്ളതില്‍ എത്ര കിലോ കാണാതെ പോയിട്ടുണ്ട് എന്നാണ് അറിയേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന കാര്യം പുതിയതല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ആറു തവണയാണ് അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് സമ്മേളനം സ്തംഭിപ്പിച്ചതെന്നും പറഞ്ഞു.
പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത് ഒരു വലിയ കുറ്റമല്ല. ഇന്ന് ചേരുന്ന കോണ്‍ഗ്രസിന്റെ രാജ്യകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വി. ശിവന്‍കുട്ടി തങ്ങളെ സമരം പഠിപ്പിക്കാന്‍ വരേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തേ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ദേവസ്വംമന്ത്രിയുടെയും ബോര്‍ഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തുകയും സ്പീക്കറുമായി വാഗ്വാദം നടത്തുകയും സ്പീക്കറിന്റെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.
ശബരിമലയില്‍ നിന്നും സ്വര്‍ണ്ണപാളികളില്‍ നടത്തിയ കൃത്രിമത്വം ഗൂഡാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ നോട്ടീസ് പോലുമില്ലാതെ സഭ സ്തംഭിച്ചത് പ്രതിപക്ഷത്തിന്റെ ഭീരുത്വമാര്‍ന്ന നടപടിയാണെന്നായിരുന്നു ഭരണപക്ഷം നല്‍കിയ മറുപടി.