-->
തിരുവനന്തപുരം: പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുന്നത് ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ 'സുവര്‍ണാ'വസരവുമായി! യു.എ.ഇ. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വിവാദത്തിനുശേഷം ഒരിക്കല്‍ക്കൂടി പ്രതിപക്ഷത്തിനു സ്വര്‍ണം ആയുധമാകുമ്പോള്‍ അത് ശബരിമലയുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിനു സമുദായസംഘടനകളുടെ പിന്തുണ നേടിക്കൊടുത്ത ആഗോള അയ്യപ്പസംഗമത്തിനു തൊട്ടുപിന്നാലെ, ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് ആരോപണം ആളിക്കത്തുന്നതിന്റെ ആവേശത്തിയാണ് പ്രതിപക്ഷം.
ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് സര്‍ക്കാരിനെ പിന്തുണച്ച എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടത് നിയമസഭയിലെ പ്രതിപക്ഷാരോപണങ്ങള്‍ക്കു മൂര്‍ച്ചകൂട്ടും.
അയ്യപ്പസംഗമത്തിന്റെ പേരില്‍ സമദൂരം വെടിഞ്ഞ് ഇടത്തേക്കു ചാഞ്ഞ എന്‍.എസ്.എസ്. നേതൃത്വമാകട്ടെ സ്വര്‍ണപ്പാളി വിവാദത്തില്‍ മൗനത്തിലാണ്. തട്ടിപ്പിനപ്പുറം, ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രശ്‌നമായതിനാല്‍ പ്രതിപക്ഷത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ഏറെ വിയര്‍ക്കേണ്ടിവരും. സി.പി.എം. പ്രതിനിധികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരിക്കേയാണ് സ്വര്‍ണപ്പാളി വിവാദത്തിനു കാരണമായ സംഭവങ്ങളുണ്ടായത്. ഒരു മുന്‍ പ്രസിഡന്റ് നടത്തിയ വിദേശസന്ദര്‍ശനവും തുടര്‍ന്ന് ശബരിമലയില്‍ ഉള്‍പ്പെടെ ഒരു സ്വകാര്യസ്ഥാപനം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളും പുതിയ ആരോപണങ്ങളായി അന്തരീക്ഷത്തിലുണ്ട്.
എല്‍.ഡി.എഫ്. ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെ ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഈ സ്ഥാപനം നുഴഞ്ഞുകയറി. അതിനു പിന്നിലും ആരോപണവിധേയനായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. സ്വര്‍ണപ്പാളി വിവാദത്തിലെ ആരോപണവിധേയനും മുന്‍ പ്രസിഡന്റുമായുള്ള നിരവധി ഇടപാടുകള്‍ സംശയനിഴലിലാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു ഭക്തരെ ആകര്‍ഷിക്കാന്‍ ഈ പ്രസിഡന്റിന്റെ കാലത്ത് നിയോഗിച്ചയാളുടെ നേതൃത്വത്തില്‍ നടന്നതെല്ലാം ആരോപണങ്ങള്‍ക്കു ബലമേകുന്നു.
ഈ ഇടനിലക്കാരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും ഇതരസംസ്ഥാനങ്ങളില്‍ അറിയപ്പെട്ടു. സ്വര്‍ണപ്പാളി വിവാദത്തിലെ ആരോപണവിധേയനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇതേ സമ്മേളനകാലത്ത് സ്വര്‍ണപ്പാളി വിവാദം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസായി വന്നെങ്കിലും അനുമതി കിട്ടിയിരുന്നില്ല.