-->
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ച് താലിബാന്‍. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ നടപടി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ താലിബാന്‍ രണ്ടാഴ്ചയായി നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇന്റര്‍നെറ്റ് നിരോധിച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായി.
രാജ്യം പൂര്‍ണമായും കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടില്‍' (ഇന്റര്‍നെറ്റില്ലാതെ എല്ലാം നിശ്ചയം) ആണെന്ന് ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ഓഫിസുമായുള്ള മൊബൈല്‍ ഫോണ്‍ സേവനം ഉള്‍പ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടിവിയും അഫ്ഗാനിസ്ഥാനിലുടനീളം തടസ്സപ്പെട്ടു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ടിരുന്ന എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് നെറ്റ്‌വര്‍ക്കായ ഫ്‌ലൈറ്റ്‌റാഡാര്‍24 പറയുന്നു. ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ബദല്‍ മാര്‍ഗം സൃഷ്ടിക്കുമെന്ന് നേരത്തെ താലിബാന്‍ പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.