Thursday, March 19, 2026 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 07.26 AM

കരൂര്‍ ദുരന്തം: കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റിന് പോലീസ്, എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യേക സംഘം ഇന്ന് കരൂരില്‍

karur, tragedy, updates

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ്. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇന്നലെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിയഴകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

അതേസമയം എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യേക സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലവും കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയുമാകും സംഘം സന്ദര്‍ശിക്കുക. ഹേമമാലിനി എംപി കണ്‍വീനറായ എട്ടംഗ എന്‍ഡിഎ സംഘമാണ് കരൂര്‍ സന്ദര്‍ശിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം കരൂരില്‍ എത്തുക. കരൂരിലെ സാഹചര്യം സംഘം വിലയിരുത്തും.

കരൂര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് എന്‍ഡിഎയുടെ ആവശ്യം. ഡിഎംകെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ടിവികെ ഇന്നലെ മദ്രാസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ടിവികെയുടെ പെതുസമ്മതി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരൂര്‍ ദുരന്തം സംഭവിച്ചതെന്നായിരുന്നു ടിവികെയുടെ വാദം. രാഷ്ട്രീയ വൈര്യത്തിന്റെ ഫലമാണ് 41 പേരുടെ ജീവനെടുത്ത സംഭവം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ വൈരാഗ്യമാണ് സംഭവത്തില്‍ കലാശിച്ചതെന്നും ടിവികെ ആരോപിച്ചിരുന്നു.

ടിവികെയുടെ റാലികള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. റാലികള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. റാലിക്ക് അനുവദിച്ച വേദികള്‍ പലതും സൗകര്യം കുറഞ്ഞവയാണ്. കരൂരിലെ റാലിക്കിടെ വൈദ്യുതി വിച്ഛേദിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു. ആള്‍ക്കൂട്ടത്തിനെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതാണ് അപകടത്തിന് പ്രധാന കാരണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയായിരുന്നു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW