Saturday, March 14, 2026 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 01.38 PM

‘ഇഡ്ഡലി ഉദാത്തമായ സൃഷ്ടി, അരിയുടെയും ഉഴുന്നിന്റെയും ലോലമായ ശകല’മെന്നും ശശി തരൂര്‍; ആവിയില്‍ പറക്കുന്ന ഇഡ്ഡലി സമ്മാനമായി നല്‍കി സ്വിഗ്ഗി കമ്പനി

ഇക്കഴിഞ്ഞ ദിവസം ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂര്‍ തന്റെ കാവ്യാത്മകമായ ശൈലിയിലൂടെ ഇഡ്ഡലിയെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ അതിന് സ്വിഗ്ഗി നല്‍കിയ സമ്മാനവും ശശി തരൂരിന്റെ എഐ ഇമേജും ഏറ്റെടുക്കുകയാണ് സൈബര്‍ മീഡിയ.
Shashi Tharoor, Shashi Tharoor praises idli
Shashi Tharoor shares AI image of him making idli (Image Source: X)

ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും കേരളത്തിലെ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ് ശശി തരൂര്‍. നാലു തവണ പാർലമെന്റേറിയനായ ശശി തരൂർ, ബ്രിട്ടൻ അതിന്റെ മുൻ കോളനികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വാദിച്ച ഓക്സ്ഫോർഡിൽ നടന്ന ഒരു സംവാദത്തിൽ പങ്കെടുത്തതിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ഫിക്ഷൻ, നോൺ-ഫിക്ഷൻ എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ രചിച്ച ശശി തരൂര്‍, തന്റെ വിപുലമായ പദസമ്പത്തും, ഇടയ്ക്കിടെ സോഷ്യൽ മീഡിയ ട്രെൻഡുകൾ സൃഷ്ടിക്കുന്ന അത്ര അറിയപ്പെടാത്ത വാക്കുകളുടെ ഉപയോഗവും മൂലം ജനപ്രിയനായി മാറിയിട്ടുണ്ട്.
അടുത്തിടെ ദക്ഷിണേന്ത്യന്‍ വിഭവമായ ഇഡ്ഡലിയെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ എക്‌സില്‍ പോസ്റ്റിട്ടതിന് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായിരുന്നു. കേരളത്തിലെ പ്രാതല്‍ വിഭവങ്ങള്‍ സംബന്ധിച്ചും അതിന്റെ വൈവിധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും അനഘ എന്ന പ്രൊഫൈല്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയ്ക്കു കാരണമായത്. ‘എന്തുകൊണ്ടാണ് എപ്പോഴും ദോശയും ഇഡലിയും. ഈ നാട്ടില്‍ വേറെ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഇല്ലേ?’ എന്നാണ് അവര്‍ എക്‌സില്‍ ചോദിച്ചത്. അതിന് താഴെ മറുപടിയായി മറ്റൊരാള്‍ കുറിച്ചത്, ‘ദോശയെക്കുറിച്ച്‌ പറയാന്‍ വാക്കുകള്‍ ഇല്ല. ആവിയില്‍ വേവിച്ച കുറ്റബോധത്തിന്റെ രുചിയാണ് ഇഡ്ഡലിക്ക്...’ എന്നായിരുന്നു.
ഇപ്പോഴിതാ ഈ പോസ്റ്റുകള്‍ക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. പോസ്റ്റില്‍ ഇഡ്ഡലിയുടെ മഹത്വത്തെ വാനോളം പുകഴ്ത്തുകയും ഇഡ്ഡലിയുടെ പാചകരീതിയെക്കുറിച്ച് രസകരമായി പറയുകയും ചെയ്യുന്നുണ്ട് തരൂര്‍. എക്സില്‍ വന്ന പരാമര്‍ശങ്ങളെ കാവ്യാത്മകമായിട്ടാണ് തരൂര്‍ പ്രതിരോധിച്ചത്. തരൂരിന്റെ സ്ഥിരം ശൈലിയില്‍ കടുപ്പമേറിയ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കൊണ്ടായിരുന്നു മറുപടി.
‘‘ആ പാവം ഒരിക്കലും നല്ല ഇഡ്ഡലി കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. നല്ലൊരു മഹത്തായ ഇഡ്ഡലി ഒരു മേഘം പോലെ, അല്ലെങ്കില്‍ ഒരു മന്ത്രണം പോലെ, മനുഷ്യ നാഗരികതയുടെ പൂര്‍ണതയെക്കുറിച്ചുള്ള സ്വപ്നം പോലെയാണ്...
ഇത് ഒരു ഉദാത്തമായ സൃഷ്ടിയാണ്, അരിയുടെയും ഉഴുന്നിന്റെയും ലോലമായ ശകലം. നാവില്‍ അലിഞ്ഞുചേരുന്ന അഭൗമമമായ മൃദുത്വം. ആ അമാനുഷിക മൃദുത്വത്തിനെ ആവിയിൽ വേവിച്ചെടുക്കുന്നു. ശരിയായ അകമ്പടികളോടെ, ഇത് ഒരു ബീഥോവന്റെ സിംഫണി, ടാഗോറിന്റെ സംഗീതം, എംഎഫ് ഹുസൈന്റെ പെയിന്റിങ്, ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി എന്നിവയ്ക്ക് തുല്യമായ പാചകരീതിയാണ്.
ഇഡ്ഡലിയെ കുറിച്ച്‌ മോശമെന്ന് പറയുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരങ്ങളോടുള്ള നിങ്ങളുടെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. നിങ്ങളോടെനിക്ക് സഹതാപം മാത്രമേയുള്ളൂ...’’ എന്നാണ് ശശി തരൂര്‍ കുറിച്ചത്. ഒപ്പം താന്‍ പരമ്പരാഗത കേരളീയ വേഷത്തില്‍ ഇഡ്ഡലിയുണ്ടാക്കുന്നതിന്റെ ഒരു എഐ ജനറേറ്റഡ് ചിത്രം തരൂർ പങ്കിട്ടതും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
പാലക്കാട് വേരുകളുള്ള ശശി തരൂര്‍ എംപിയുടെ ഇഡ്ഡലി പ്രേമം ഏറെ പ്രശസ്തമാണ്. ഇഡ്ഡലിക്കെതിരേ വരുന്ന ഏത് വിമര്‍ശനങ്ങളെയും ശശി തരൂര്‍ എന്നും പ്രതിരോധിക്കാറുണ്ട്. നേരത്തെ ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ട്വീറ്റിന് തരൂര്‍ ചുട്ട മറുപടി കൊടുത്തിരുന്നു.

ശശി തരൂരിന്റെ പോസ്റ്റ് വൈറലായതിനു പിന്നാലെ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി നല്‍കിയ ചൂടുള്ള സമ്മാനവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നിരവധി പേരാണ് ശശി തരൂരിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും, ശശി തരൂരിന്റെ കാവ്യാത്മകമായ മറുപടി സ്വിഗ്ഗിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തതോടെയാണ് പോസ്റ്റിനുള്ള സമ്മാനമായി പ്രദേശത്തെ ഏറ്റവും നല്ല ഇഡ്ഡലികള്‍ തരൂരിന് സമ്മാനമായി നല്‍കാൻ കമ്പനി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സ്വിഗ്ഗി ജീവനക്കാരും ഡെലിവറി ഏജന്റുമാരും സംഘമായി ശശി തരൂരിന്റെ വീട്ടുവാതുക്കല്‍ നല്ല ആവി പറക്കുന്ന ഇഡ്ഡലി പാഴ്‌സലുകളുമായി എത്തി. പാര്‍ലമെന്റ് എംപി യോടൊപ്പം ജീവനക്കാര്‍ നില്‍ക്കുന്ന ചിത്രം സിഗ്ഗി തന്നെ എക്‌സില്‍ പങ്കിട്ടു. ഹിന്ദിയില്‍ ഒരു കുറിപ്പും ഒപ്പം ഉണ്ടായിരുന്നു. ‘‘ശ്രീ തരൂർ ജിക്ക് ഈ മേഖലയിലെ ഏറ്റവും മികച്ച ഇഡ്ഡലി വിളമ്പാൻ അവസരം ലഭിച്ചത് ഞങ്ങൾക്ക് വളരെയധികം സന്തോഷകരമാണ്. അദ്ദേഹത്തിന്റെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ ഞങ്ങളുടെ ടീം വിജയിച്ചിട്ടുണ്ടെന്നും പാചക കലയുടെ ഈ സമാനതകളില്ലാത്ത അത്ഭുതങ്ങൾ അദ്ദേഹത്തെ പരമമായ ആനന്ദത്തിന്റെ അവസ്ഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു...’’ കമ്പനി എക്‌സില്‍ കുറിച്ചു.

Shashi Tharoor, Shashi Tharoor praises idli
Swiggy delivery agents and employees give parcels of idlis at Shashi Tharoor’s doorstep (Image Source: X)

Ads by Google
Ads by Google
LATEST NEWS
TRENDING NOW