-->
ന്യൂഡല്‍ഹി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസും തമ്മിലുള്ള മഞ്ഞുരുകി. പാര്‍ട്ടി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും ശശിതരൂരും കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും രാഹുല്‍ ഗാന്ധി ശശി തരൂരിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യമാണെന്ന് തന്നെ കാണാനെത്തിയ തിരുവനന്തപുരം എംപിയോട് രാഹുല്‍ പറഞ്ഞു. കേരളത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹരിച്ചെന്നും പറഞ്ഞു. രണ്ടു മണിക്കൂര്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി.
എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്നും തരൂര്‍ വ്യക്തമാക്കി. എല്ലാ പരിഗണനയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ശശി തരൂരിന് ഉറപ്പ് നല്‍കി. കേരളത്തില്‍ കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തരൂരിനെ കൂടി കേട്ടായിരിക്കും. നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും എന്ന് രാഹുലിന് വാക്കു കൊടുത്തെന്നും കഴിഞ്ഞതവണ ഇറങ്ങിയതില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തവണ പ്രചരണത്തിന് ഇറങ്ങുമെന്നും പറഞ്ഞു. സിപിഐഎമ്മിലേക്ക് എന്ന കഥകള്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ലെന്നും പറഞ്ഞു. സിപിഐഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും തരൂര്‍ തള്ളിയിരുന്നു.
നേരത്തെ കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയില്‍ ശശി തരൂര്‍ പങ്കെടുക്കാതിരുന്നത് രാഹുലിനോടുള്ള അതൃപ്തി മൂലയാണെന്നായിരുന്നു പുറത്തവന്ന റിപ്പോറട്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നതും ചര്‍ച്ചയായിരുന്നു.