-->
നിലവില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള 6 സീറ്റര്‍ കാറാണ് മാരുതി സുസുക്കി ഈക്കോ. ഒംനിയുടെ പിന്‍ഗാമിയായി മാരുതി കൊണ്ടുവന്ന വാന്‍ ആണ് ഈക്കോ. അടുത്ത കാലത്തായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയിലും ഈക്കോ ഇടംപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് വാഹനങ്ങളെപ്പോലെ മാരുതി ഈക്കോയുടെ ജിഎസ്ടി നിരക്കും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
തുടക്കത്തില്‍ പറഞ്ഞ പോലെ 6 സീറ്റര്‍ രൂപത്തില്‍ അല്ലാതെ 5 സീറ്റര്‍ ലേഔട്ടിലും ഈക്കോ വാങ്ങാം. ജിഎസ്ടി കുറഞ്ഞതോടെ ഈക്കോയുടെ പ്രാരംഭ വില ഇപ്പോള്‍ വെറും 5,20,900 രൂപയാണ്. ഈക്കോ 5 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാരുതി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്ഷോറൂം വിലയാണ് ഇത്. അതേസമയം മാരുതി ഈക്കോ 6 സീറ്റര്‍ സ്റ്റാന്‍ഡേര്‍ഡിന്റെ പുതിയ വില 547400 രൂപയാണ്. എസി വേരിയന്റുകള്‍ക്ക് ഇവയേക്കാള്‍ വില അല്‍പ്പം കൂടുന്നു. 635800 രൂപയാണ് ഈക്കോ 5 സീറ്റര്‍ എസി സിഎന്‍ജി വേരിയന്റിന്റെ വില.
മാരുതി സുസുക്കി ഈക്കോയുടെ ഇന്റീരിയര്‍ ലളിതവും പ്രായോഗികവും വിശാലവുമാണ്. വാനിന്റെ മുന്‍വശത്ത് പവര്‍ വിന്‍ഡോകള്‍ ലഭ്യമാണ്. പിന്നില്‍ മാനുവല്‍ വിന്‍ഡോ ക്രാങ്കുകള്‍ ഉണ്ട്. ബൂട്ട് സ്പേസ് 510 ലിറ്റര്‍ വരെയാണ്. 5-സീറ്ററില്‍ ഇത് കൂടും. ക്യാബിനിലെ ഡ്യുവല്‍-ടോണ്‍ ഡാഷ്‌ബോര്‍ഡും ഫാബ്രിക് അപ്ഹോള്‍സ്റ്ററിയും മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്. വേനല്‍ക്കാലത്ത് ആശ്വാസമേകാന്‍ എയര്‍ കണ്ടീഷനിംഗും വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്. പവര്‍ സ്റ്റിയറിംഗ്, 12V പവര്‍ ഔട്ട്‌ലെറ്റ്, വാനിറ്റി മിററുകള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്‌ലൈറ്റ്, റിയര്‍ റീഡിംഗ് ലാമ്പുകള്‍ എന്നീ ഉപയോഗപ്രദമായ ഫീച്ചറുകള്‍ ഈക്കോയിലുണ്ട്.
അത്യാവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടി ട്രിപ്പ് മീറ്ററോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈക്കോയില്‍ വരുന്നു. സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ഇതില്‍ വരുന്നു. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 81 PS പവറും 105.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റില്‍ 71 PS പവറും 95 Nm ടോര്‍ക്കും മാത്രമേ ലഭിക്കൂ. രണ്ട് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. ഈക്കോയുടെ പെട്രോള്‍ പതിപ്പിന് 19.71 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 26.78 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.