Monday, March 16, 2026 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 10.41 AM

വിവാഹിതയാണ് പക്ഷേ, താലിമാല ധരിക്കാറില്ല സിന്ദൂരം തൊടാറില്ല: വൈറലായി യുവതിയുടെ പോസ്റ്റ്

influencer, marriage, sindoor

വിവാഹം കഴിച്ചതിന്റെ അടയാള സൂചകമായി സ്ത്രീകള്‍ സിന്ദൂരം ചാര്‍ത്തുകയും താലിമാല ധരിക്കുകയും ചെയ്യാറുണ്ട്. ഓരോ മതത്തിനും അതിന്റേതായ അടയാളങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ കാലം പുരോഗതി പ്രാപിച്ചതോടെ ഈ ചിന്താഗതികളിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. വിവാഹം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ധരിക്കാത്ത നിരവധിപേരുണ്ട്. വിവാഹിതയാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അതിനായി അടയാളങ്ങള്‍ വേണ്ടെന്നുമാണ് ഇവരുടെ പക്ഷം. അത്തരത്തില്‍ താലിമാലയും സിന്ദൂരവും ഉപേക്ഷിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കൗണ്‍സിലിങ് സൈക്കോളജിസ്റ്റും തെറാപിസ്റ്റും കൂടിയായ ദിവിജ ഭാസിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വിവാഹതിരായ സ്ത്രീകളുടെ അടയാളമായി കണക്കാക്കപ്പെടുന്ന സിന്ദൂരമോ താലിയോ താന്‍ ധരിക്കാറില്ലെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. അതിന്റെ കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ ഭര്‍ത്താവ് ഇതൊന്നും ധരിക്കാറില്ലെന്നും പിന്നെ സ്ത്രീകള്‍ക്ക് മാത്രം ഇതെല്ലാം എന്തിനാണെന്നും അവര്‍ ചോദിക്കുന്നു. അതിന് പകരമായി താനും ഭര്‍ത്താവും മാച്ചിങ് ബ്രേസ്ലെറ്റുകള്‍ ധരിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ സര്‍നെയിം പേരിനൊപ്പം സ്വീകരിക്കുന്നതിനോടോ തനിക്ക് താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'വിവാഹം എന്റെ വ്യക്തിത്വം മാറ്റുന്നില്ല. എനിക്ക് ഇഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കാനും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നിലനിര്‍ത്താനും സാധിക്കണം. ഇതൊന്നും അംഗീകരിക്കാത്ത ഒരാളെ ഞാന്‍ വിവാഹം കഴിക്കുമായിരുന്നില്ല.'വീഡിയോയില്‍ യുവതി പറയുന്നു.

അതേസമയം വിവാഹം എന്നാണ് പുരുഷന് എല്ലാമുണ്ടാവുകയും സ്ത്രീകള്‍ക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാവരുത് എന്നും തുല്ല്യതയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 'വിവാഹത്തിനുശേഷം മാതാപിതാക്കളില്‍നിന്ന് മാറി ഒരു വീട് വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. രണ്ട് 4 കാരുമായും അടുപ്പം സൂക്ഷിക്കുന്നുണ്ട്. അവരോട് ഒരുപാട് സ്‌നേഹവുമുണ്ട്. രണ്ട് പേരും ജോലിക്കാരായതിനാല്‍ പാചകം ചെയ്യാനും മറ്റ് ജോലികള്‍ക്കുമായി ഒരു ജോലിക്കാരിയെ നിയമിച്ചു. ഇല്ലെങ്കില്‍ രണ്ടുപേരും കൂടി പങ്കിട്ട് ജോലികള്‍ ചെയ്യുമായിരുന്നു. വിവാഹശേഷം എന്റെ ജീവിതത്തില്‍ മാറിയ ഒരേയൊരു കാര്യം എനിക്കിപ്പോള്‍ എല്ലാ രാത്രിയിലും എന്റെ കാമുകനൊപ്പം സ്ലീപ്പ് ഓവര്‍ നടത്താന്‍ കഴിയുന്നു എന്നതാണ്.'യുവതി കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സിന്ദൂരവും താലിയുമെല്ലാം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സ്ത്രീശാക്തീകരണം എന്നാല്‍ തങ്ങളുടെ വേരുകളും സംസ്‌കാരവും മറക്കണമെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും ഒരാള്‍ കുറിച്ചു. തന്റെ ഏറ്റവും വലിയ ശത്രുവിനുപോലും ഇത്തരത്തിലുള്ള ഭാര്യയെ ലഭിക്കാതിരിക്കട്ടെ ഇതായിരുന്നു ഒരാളുടെ കമന്റ്. യുവതിയെ അനുകൂലിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകണമെന്നും എന്നാല്‍ മാത്രമേ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നും ചിലര്‍ കുറിച്ചു.

Ads by Google
Monday 29 Sep 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW