-->
ലോകത്തിലെ പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ചില പ്രത്യേക ആചാര അനുഷ്ഠാനങ്ങള്‍ ഭക്തര്‍ അനുഷ്ഠിക്കാറുണ്ട്. 48 ദിവസത്തെ വ്രതം, കറുത്ത വസ്ത്രം, നഗ്‌നപാദം എന്നിവ അതില്‍ പ്രധാനമാണ്. ഇപ്പോഴിതാ അയ്യപ്പഭക്തരോട് സംസാരിക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസ് വ്‌ലോഗറായ ജെയ്യുടെ വീഡിയോയാണ് അത്. വീഡിയോ ചിത്രീകരിച്ച സ്ഥലവും സമയവും വ്യക്തമല്ല.
ശീലങ്കയില്‍ നിന്ന് കേരളത്തിലെത്തി ശബരിമല ദര്‍ശനം നടത്തിയ ഭക്തരുമായാണ് ജെയ് സംസാരിച്ചത്. കറുപ്പ് വസ്ത്രം ധരിച്ച കുറച്ചുപേരെ വഴിയില്‍ കാണുമ്പോള്‍ എന്തിനാണ് നിങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് ജെയ് ചോദിക്കുന്നു. 'നിങ്ങള്‍ക്ക് ശബരിമല അറിയാമോ?' എന്നാണ് അയ്യപ്പ ഭക്തരില്‍ ഒരാള്‍ ജെയ്‌മോട് ചോദിക്കുന്നത്. അത് കേരളത്തിലെ ഒരു സ്ഥലമാണെന്നും അവിടെ കറുത്ത വസ്ത്രം ധരിച്ച് വേണം പോകാനെന്നും ഭക്തര്‍ പറയുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പാരമ്പര്യമാണിത്. 48 ദിവസം വ്രതമെടുത്ത് ചെരിപ്പ് ധരിക്കാതെ നടന്നു, കിടക്കയില്ലാതെ തറയില്‍ കിടന്നും സസ്യാഹാരം മാത്രം കഴിച്ചുനടത്തിയ യാത്രക്കുറിച്ച് അയ്യപ്പ ഭക്തര്‍ വ്‌ലോഗര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. ശബരിമലയിലെ ചില വീഡിയോയും കാണിക്കുന്നുണ്ട്. പിന്നാലെ ഇത് ഹിന്ദു വിശ്വാസവുമായി ബന്ധപ്പെടതാണോയെന്ന് വ്‌ലോഗര്‍ ചോദിക്കുന്നു. അതെയെന്നും തങ്ങളുടെ യാത്ര പൂര്‍ത്തിയായെന്നും 54 കിലോമീറ്റര്‍ ദൂരം നഗ്‌നപാദരായി നടന്നുവെന്നും ഭക്തര്‍ പറയുന്നു.