Thursday, March 19, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 27 Sep 2025 09.32 PM

തമിഴകം തേങ്ങുന്നു; മരണസംഖ്യ 39 കടന്നു, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, വിജയ്‌ക്കെതിരെ കേസെടുക്കും

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സിയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
uploads/news/2025/09/803043/Vijay-rally.jpg

കരൂര്‍ (തമിഴ് നാട്): നടനും തടിവികെ നേതാവുമായ നടന്‍ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 മരണം. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഴഞ്ഞു വീണ കുട്ടികളട‌ക്കം 67 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പരുക്കേറ്റവരിൽ ഒന്‍പത് പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കലക്ടർമാർ തുടങ്ങിയവർ കരൂരിലേക്കു തിരിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു പുലർച്ചെ കരൂരിൽ എത്തും.

സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സിയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

വിജയ് ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് റാലിയിൽ പങ്കെടുക്കാൻ കൂടുതലും എത്തിയത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രം ആയിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കരൂർ റാലിയിലുണ്ടായ ദുരന്തം അതീവ വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച വിജയ്‌യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. വൻ ജനാവലിയാണ് റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്.

തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ ​പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. വിജയ് ഇടക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പൊലീസിന്റെ സഹായം അഭ്യർഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

റാലിയുടെ സംഘാടകർക്കെതിരെ കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW