-->
ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാൻ നായകനായെത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഐശ്വര്യ. അഭിനേതാവ് എന്നതിലുപരി സാമൂഹികപരമായ വിഷയങ്ങളിലൊക്കെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന നടി കൂടിയാണ് ഐശ്വര്യ.
ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. ചെന്നൈ നഗരത്തിൽ മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം മനുഷ്യർക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
നടി പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. "കഴിഞ്ഞ ദിവസം ഞാൻ തെരുവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ... ആ കാഴ്ച ഹൃദയഭേദകമായിരുന്നു.
നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്ക് പോലും അവസരമില്ല. ആകാശം മേൽക്കൂരയാക്കി തണുത്ത് വിറച്ച് കൊതുക് കടി ഏറ്റു കിടക്കുന്ന ആ മനുഷ്യർക്ക് നമുക്ക് ഒന്നിച്ചു ചൂടേകാമെന്നാണ്" നടി വിഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ കുറിച്ചത്.
ഒപ്പം ഒക്ടോബറിൽ താൻ അംബാസിഡറായ 'മോയി വിരുദു' എന്ന സന്നദ്ധ സംഘടനയുമായി നമുക്ക് വീണ്ടും കാണാമെന്ന് നടി പോസ്റ്റിൽ പറയുന്നുണ്ട്. കമ്പിളി സ്നേഹത്തിന്റെ പ്രതീകമെന്നും നടി പറയുന്നു.