-->
ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങള്‍. തെരുവുകളിലെ വീടുകള്‍ക്കും കടകള്‍ക്കും മീതെയാണ് മഴയോടൊപ്പം കൂറ്റന്‍ മീനുകള്‍ പെയ്തിറങ്ങിയത്. പിന്നാലെ മഴ വകവയ്ക്കാതെ തെരുവില്‍ ഇറങ്ങിയ ജനങ്ങള്‍ മീനുകളെ പിടിക്കാനായി ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലും ഹോങ്കോങ്ങിലും ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന ടൈഫൂണ്‍ രാഗസ ചുഴലിക്കാറ്റിന്റെ ഭാഗമായാണ് മക്കാവുവില്‍ മഴയ്‌ക്കൊപ്പം മീനുകള്‍ പെയ്തിറങ്ങിയത്.
വീഡിയോയില്‍ മക്കാവുവിലെ ആളുകള്‍ മത്സ്യബന്ധന വലകളും പ്ലാസ്റ്റിക് ബാഗുകളുമായി തെരുവിലൂടെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ നിന്നും മീനുകളെ പിടിക്കാനുള്ള ശ്രമം നടത്തുന്നതും കാണാം. ചില താമസക്കാര്‍ സൈക്കിളുകളില്‍ മീന്‍ കയറ്റുന്ന തിരക്കിലായിരുന്നു. മറ്റ് ചിലര്‍ ജീവിതത്തില്‍ ഈ ആദ്യമായി കൈ നനയാതെ കൂറ്റന്‍ മീനുകളെ പിടിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി സെല്‍ഫികള്‍ എടുക്കുന്ന തിരക്കിലായിരുന്നു.
വീഡിയോകളില്‍ നിരവധി പേരെ കാണാം. എല്ലാവരും റോഡിലൂടെ കുത്തിയൊഴുകുന്ന കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ചില പ്രദേശങ്ങളില്‍ ചെറിയ മീനുകള്‍ കൂട്ടത്തോടെ വീണപ്പോള്‍ മറ്റ് ചില പ്രദേശങ്ങളില്‍ വലിയ മീനുകളാണ് വീണതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരുവുകളില്‍ കൂടിക്കിടക്കുന്ന മത്സ്യങ്ങളെ നീക്കാനായി ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതും വീഡിയോകളില്‍ കാണാം.