Wednesday, March 11, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 12.34 PM

ജിഎസ്ടി വര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ സ്വയം ഏറ്റെടുത്ത് ട്രയംഫ്

motorcycle

പുതിയ ജിഎസ്ടി പരിഷ്‌ക്കാരത്തോടെ പുതിയ നിലപാടുമായി എത്തിയിരിയ്ക്കുകയാണ് ട്രയംഫ്. ജിഎസ്ടി വര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനുപകരം അധിക ചെലവ് സ്വയം ഏറ്റെടുക്കാനാണ് ട്രയംഫ് തീരുമാനിച്ചിരിക്കുന്നത്. 400 സിസി മോഡലുകള്‍ പഴയ എക്‌സ്‌ഷോറൂം വിലയില്‍ തന്നെ വില്‍ക്കുന്നത് തുടരുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

സ്പീഡ് 400, സ്പീഡ് T4, സ്‌ക്രാംബ്ലര്‍ 400X, പുതുതായി പുറത്തിറക്കിയ ത്രക്സ്റ്റണ്‍ 400 എന്നിവയുള്‍പ്പെടെ ട്രയംഫിന്റെ 400 സിസി ശ്രേണി ആ മേഖലയില്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വില വര്‍ധനവ് നടപ്പിലാക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ടൂവീലര്‍ നിര്‍മാതാക്കളുടെ വിലയിരുത്തല്‍. അടുത്തിടെ 400 സിസി നിര വിപുലീകരിക്കുന്നതിനായി ട്രയംഫ് ത്രക്സ്റ്റണ്‍ 400 കഫേ റേസറും പുറത്തിറക്കിയിരുന്നു. 2.74 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്. ത്രക്സ്റ്റണ്‍ 1200 സിസി മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള റെട്രോ-സ്‌റ്റൈല്‍ സെമി-ഫെയറിംഗാണ് പുതിയ ത്രക്സ്റ്റണ്‍ 400 പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

ട്രയംഫിന്റെ മെയ്ഡ്-ഇന്‍-ഇന്ത്യ നിരയിലെ ഒരു പുതിയ റെട്രോ ഫ്‌ലേവറായിട്ടാണ് ത്രക്സ്റ്റണ്‍ 400 കഫേ റേസര്‍ എത്തുന്നത്. മോട്ടോര്‍സൈക്കിള്‍ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാണെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ ബൈക്ക് പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X, ത്രക്സ്റ്റണ്‍ 400, സ്‌ക്രാംബ്ലര്‍ XC എന്നിങ്ങനെ 400 സിസി പ്ലാറ്റ്ഫോമില്‍ ട്രയംഫിന് ഇപ്പോള്‍ 5 ബൈക്കുകളാണുള്ളത്.

പുതിയ ട്രയംഫ് ത്രക്സ്റ്റണ്‍ 400 കഫേ റേസറിനും അതേ 398 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ TR-സീരീസ് എഞ്ചിനാണ് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. പവര്‍ സ്പീഡ് 400 റോഡ്സ്റ്ററിനേക്കാള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഇപ്പോള്‍ 41.4 bhp കരുത്തില്‍ 37.5 Nm ടോര്‍ക്ക് വരെ നല്‍കാന്‍ എഞ്ചിനാവും. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്നില്‍ USD ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് ട്രയംഫ് ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. അധിക സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW