-->
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനും പിന്നാലെ എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ശക്തമായ പ്രതിഷേധം. പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊച്ചി കണയന്നൂരിലെ കരയോഗം പ്രമേയം പാസ്സാക്കി. എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശ്ശേരിയിലും പ്രതിഷേധമുണ്ടായി.
പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ 681 നമ്പര്‍ ളാക്കൂര്‍ കരയോഗത്തിന് സമീപമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ബാഹുബലി സിനിമയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്നാണ് പോസ്റ്ററിലെ വാചകം.
കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട സമാന സ്വഭാവത്തിലുള്ള ബാനറാണ് ഇപ്പോഴും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാനറിലെ ചിത്രവും വാചകവും എഴുത്തുമെല്ലാം ഒരുപോലെയാണ്. ചങ്ങനാശ്ശേരി പഴുവാതിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തങ്ങളെ അംഗത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരയോഗത്തിന് കത്തു നല്‍കിയിട്ടുണ്ട്് നേരത്തേ ജി സുകുമാരന്‍ നായകര്‍ക്കെതിരേ കരയണൂര്‍ കരയോഗം പ്രമേയം പാസ്സാക്കിയിരുന്നു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തേ പറഞ്ഞിരുന്നു. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ലെന്നും പറഞ്ഞു. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രം ചെയ്തില്ലെന്നും പറഞ്ഞു.