-->
മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിലെ കണ്ണിയായി മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുത്ത താരമാണ് ശോഭന. നര്‍ത്തകി കൂടിയായ ശോഭനയുടെ സൗന്ദര്യവും ആകാരവടിവും അഭിനയമികവുമൊക്കെ താരത്തെ അക്കാലത്തെ പ്രിയ നായികയാക്കി മാറ്റി. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകളില്‍ ശോഭന കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
1980-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യൻ സിനിമാലോകത്ത് മിന്നും താരമായിരുന്നു ശോഭന. കരിയറിന്റെ തിളക്കത്തില്‍ത്തന്നെ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് നൃത്തവേദികളിലൂടെയും തന്റെ നൃത്തവിദ്യാലയത്തിലുമൊക്കെയാണ് സജീവമായത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ നൃത്തവീഡിയോകളും ചിത്രങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു പൊതുവേദിയില്‍ വെച്ച് വീഡിയോ പകർത്താൻ ശ്രമിച്ച ഓണ്‍ലൈൻ മാധ്യമപ്രവർത്തകനോട് തമാശരൂപേണ ശോഭന പ്രതികരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കോഴിക്കോട് ഐ.എൻ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ശോഭന. വേദിയിലിരിക്കുന്ന സമയത്ത് തന്നെ ചിത്രീകരിക്കുന്ന ക്യാമറ കണ്ടയുടൻ താരം തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് മാധ്യമപ്രവർത്തകന്റെ ക്യാമറയ്ക്ക് നേരെ തിരിച്ചുപിടിച്ചു. ഇടയ്ക്കിടെ ഫോണിന്റെ മുകളിലൂടെ നോക്കുന്ന താരം തന്റെ മുഖം പകര്‍ത്താന്‍ അനുവദിക്കാതെ ഫോണ്‍ മറച്ചു പിടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചെറുപുഞ്ചിരിയോടെ, ‘ഞാനും നിങ്ങളെ പകര്‍ത്തുകയാണ്’ എന്ന ഭാവത്തിലാണ് ശോഭന. താരത്തിന്റെ ക്യൂട്ട് പ്രതികരണം നിമിഷങ്ങള്‍ക്കകം ആരാധകർ ഏറ്റെടുത്തു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഗംഗ ഇപ്പൊ വീഡിയോ എടുക്കണ്ട... അതെന്താ ഞാൻ എടുത്താൽ, ഒരു നാഗവല്ലി അല്ലെ കടന്നു പോയത്, കുസൃതി നിറഞ്ഞ ഭാവം, ലാസ്റ്റിലുള്ള ആ ചിരിയാണ് സൂപ്പര്‍....’ എന്നതടക്കമാണ് കമന്റുകള്‍.
നേരത്തെയും ശോഭനയുടെ രസകരമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു നൃത്ത പരിപാടിയില്‍ ചിത്രം പകർത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും ക്യാമറ ഓണാക്കിയ വ്യക്തിക്ക് നേരെ നൃത്തച്ചുവടുകളിലൂടെ താരം പ്രതിഷേധിച്ച വീഡിയോ മുൻപ് വൈറലായി മാറിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ ചിരി പടർത്തുന്ന ഈ പുതിയ വീഡിയോയും വൈറലായി മാറുകയാണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാല്‍-ശോഭന കോമ്പിനേഷനിലെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. എന്നും ഈ കോമ്പോ മലയാള സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം ശോഭനയുടെ ജനപ്രീതി വീണ്ടും ഇരട്ടിയാക്കിയിട്ടുണ്ട്.
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. മോഹൻലാലിനും ശോഭനയ്ക്കും പുറമേ തരുണ്‍ മൂർത്തി സംവിധാനം ചെയ്ത സിനിമയില്‍ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.