Wednesday, March 11, 2026 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 02.44 PM

എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനമായ EX30 എസ്യുവിയുടെ വില പ്രഖ്യാപിച്ച് വോള്‍വോ

-volvo-ex30

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ EX30 എന്നൊരു പുതുമോഡലിനെ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനമായ EX30 എസ്യുവിയെ ഒറ്റ വേരിയന്റില്‍ മാത്രമാണ് വിപണനത്തിന് എത്തിക്കുക. ഇപ്പോള്‍ തങ്ങളുടെ ചെറിയ ഇലക്ട്രിക് എസ്യുവിയുടെ വിലയും പുറത്തുവിട്ടിരിക്കുകയാണ്. 39.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഇവിയ്ക്കുള്ളത്. 2025 ഒക്ടോബര്‍ 19-ന് മുമ്പ് വോള്‍വോ EX30 ഇവി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വിലയ്ക്ക് വാഹനം വാങ്ങാനാവുക. മേല്‍പ്പറഞ്ഞ തീയതിക്ക് ശേഷം EX30 ബുക്ക് ചെയ്യുന്നവര്‍ 41 ലക്ഷം രൂപ നല്‍കേണ്ടിവരും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള വോള്‍വോയുടെ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന മോഡലിന്റെ ഡെലിവറി നവംബര്‍ ആദ്യ ആഴ്ച്ചയില്‍ ആരംഭിക്കും.

സിംഗിള്‍ ചാര്‍ജില്‍ 480 കിലോമീറ്റര്‍ WLTP റേഞ്ച് അവകാശപ്പെടുന്ന മോഡിലിന് 272 bhp പവറില്‍ പരമാവധി 343 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. റിയര്‍ ആക്‌സില്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ബാറ്ററിക്ക് കരുത്ത് പകരുന്നത്. 5.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വോള്‍വോ EX30 ഇവിക്കാവുമെന്നാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം ഇലക്ട്രിക് എസ്യുവിയുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. EX30 സിംഗിള്‍ പെഡല്‍ ഡ്രൈവിംഗ് ഓപ്ഷനുമായാണ് വരുന്നത്. ഇത് ബ്രേക്ക് പെഡല്‍ ഉപയോഗിക്കാതെ തന്നെ ഇവി നിര്‍ത്താന്‍ അനുവദിക്കുന്നതിന് ബ്രേക്ക് റീജനറേഷന്‍ സജ്ജമാക്കുന്ന സംവിധാനമാണ്.

വാഹനത്തിനൊപ്പം 11kW വാള്‍ബോക്‌സ് ചാര്‍ജറാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി 0-100 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ 7 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. 8 വര്‍ഷത്തെ അല്ലെങ്കില്‍ 1.6 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും EX30 ഇവിയില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. ചെറിയ ഇവിയില്‍ 3 വര്‍ഷത്തെ വാറണ്ടി, 3 വര്‍ഷത്തെ വോള്‍വോ സര്‍വീസ് പാക്കേജ്, 3 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, കമ്പനി 'കണക്റ്റ് പ്ലസ്' എന്ന് വിളിക്കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ 5 വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്. വെര്‍ട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് ഇന്‍-ബില്‍റ്റ് ഗൂഗിള്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, നോര്‍ഡിക്കോ അപ്‌ഹോള്‍സ്റ്ററി, 9-സ്പീക്കര്‍ 1040W ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകള്‍.

ഇതുകൂടാതെ ഫിക്‌സഡ് പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8-വേ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ്, ഇന്‍ഡക്റ്റീവ്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുകള്‍ എന്നിവ പോലുള്ള മറ്റ് സവിശേഷതകളും എസ്യുവിയിലുണ്ട്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നിവയുള്ള ലെവല്‍ 2 ADAS ടെക്ക്, 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവയാണ് സേഫ്റ്റിയ്ക്കായി തയ്യാറാക്കിയിരിയ്ക്കുന്നത്.

Ads by Google
Ads by Google
TRENDING NOW