-->
അപ്രീലിയ SR 175 സ്‌പോര്‍ട്ടി സ്‌കൂട്ടറിന്റെ പുത്തനൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. SR-GP റെപ്ലിക്ക 175 hp-e എന്നറിയപ്പെടുന്ന മോഡലാണ് എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളെ അപേക്ഷിച്ച് പ്രത്യേക കളര്‍ ഓപ്ഷനിലാണ് പുതിയ വകഭേദം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ അപ്രീലിയ SR-GP റെപ്ലിക്കയുടെ എക്‌സ്‌ഷോറൂം വില 1.23 ലക്ഷം രൂപയാണ് വരുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വില നിര്‍ണയമാണിത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രീമിയര്‍-ക്ലാസ് മോട്ടോര്‍സൈക്കിള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ജോര്‍ജ് മാര്‍ട്ടിനും മാര്‍ക്കോ ബെസെച്ചിയും ഓടിച്ച RS-GP മോട്ടോജിപി മെഷീനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെപ്ലിക്ക പണിതിറക്കിയിരിക്കുന്നത്.
മാറ്റ് ബ്ലാക്ക് നിറത്തിലാണ് അപ്രീലിയ SR-GP റെപ്ലിക്ക 175 hp-e നിര്‍മിച്ചിരിക്കുന്നത്. റേസ്-സ്‌പെക്ക് അപ്രീലിയ RS-GP-ക്ക് സമാനമായ ചുവപ്പും പര്‍പ്പിള്‍ ഗ്രാഫിക്‌സും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.
പവര്‍ഫുള്ളായിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിന് രാത്രികാല റൈഡിംഗ് ആവശ്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇന്‍ഡിക്കേറ്ററുകളിലും ടെയില്‍ ലാമ്പുകളിലും എല്‍ഇഡി ലൈറ്റുകളും ഉണ്ട്. പ്രായോഗികതയുടെ കാര്യത്തില്‍ സ്‌കൂട്ടറില്‍ സീറ്റിനടിയില്‍ ഒരു കോംപാക്റ്റ് സ്റ്റോറേജ് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ TFT ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം. ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ UI ഉള്‍പ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ലേഔട്ട് ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്ലസ്റ്റര്‍ കസ്റ്റമൈസ് ചെയ്യാനും കഴിയും. ബ്ലൂടൂത്ത് സപ്പോര്‍ട്ടോടെ അപ്രീലിയ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് കോളുകള്‍, മ്യൂസിക്, നാവിഗേഷന്‍ എന്നിവ ആക്സസ് ചെയ്യാന്‍ കഴിയും. ഉപയോക്താവിന്റെ റൈഡിംഗ് ശൈലിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് റൈഡ് ഡാറ്റയും ലിങ്ക്ഡ് അനലിറ്റിക്സും അപ്രീലിയ വാഗ്ദാനം ചെയ്യുന്നുണ്ട്.
അപ്രീലിയ SR-GP റെപ്ലിക്ക 175 hp-e പുതിയ 174.7 സിസി, എയര്‍-കൂള്‍ഡ്, 3-വാല്‍വ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 12.92 bhp കരുത്തില്‍ പരമാവധി 14.14 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ശക്തമായ സ്റ്റീല്‍ ഫ്രെയിമില്‍ പണികഴിപ്പിച്ചിരിക്കുന്ന അപ്രീലിയയുടെ 175 സിസി സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷനുമാണ് ഒരുക്കിയിരിക്കുന്നത്.