-->
യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള മുത്തശ്ശിമാര്‍ ബാഗുമെടുത്ത് പഠിക്കാനായി പോകുന്നത് ഒരു അപൂര്‍വ്വ കാഴ്ച തന്നെയാണ്. മഹാരാഷ്ട്രയിലെ താനെയിലുള്ള 'മുത്തശ്ശിമാരുടെ സ്‌കൂളി'ലാണ് ഈ അപൂര്‍വവും മനോഹരവുമായ കാഴ്ച നമുക്ക് കാണാന്‍ സാധിക്കുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം പിങ്ക് നിറത്തിലുള്ള സാരി ധരിച്ച്, കയ്യില്‍ ബാഗുമായി ഈ മുത്തശ്ശിമാര്‍ സ്‌കൂളിലേക്ക് പോകും.
ഇതാണ് മുത്തശ്ശിമാരുടെ സ്‌കൂളായ 'ആജിബൈച്ചി ശാല'. ഇവിടെ പഠനത്തിന് പ്രായപരിധിയില്ല. 2016 മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഒരു കൂട്ടം പ്രായമായ സ്ത്രീകള്‍ നമുക്ക് മതഗ്രന്ഥങ്ങള്‍ സ്വയം വായിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പ്രാദേശിക ജില്ലാ പരിഷത്ത് അധ്യാപകനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര ബംഗാറാണ് അവരുടെ വാക്കുകള്‍ കേട്ട് അവര്‍ക്കായി ഒരു സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചതത്രെ. 'മോത്തിറാം ദലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ സഹായത്തോടെ ബംഗാര്‍ അങ്ങനെ ഒരു ഒറ്റമുറി സ്‌കൂള്‍ സ്ഥാപിച്ചു. ട്രസ്റ്റ് തന്നെ ഒരു ബ്ലാക്ക്‌ബോര്‍ഡും, ലോജിസ്റ്റിക്‌സും, പിങ്ക് സാരിയിലുള്ള യൂണിഫോമും നല്‍കി. അതേസമയം ബംഗാര്‍ ചോക്ക്, പെന്‍സിലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വാങ്ങാനും മറ്റ് അത്യാവശ്യസാധനങ്ങള്‍ വാങ്ങാനും പണം കണ്ടെത്താമെന്ന് സ്വയം ഏറ്റു.
സ്‌കൂള്‍ തുറന്നപ്പോള്‍ 27 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. എല്ലാവര്‍ക്കും 60 നും 90 നും ഇടയിലായിരുന്നു പ്രായം. പലരും മുമ്പ് ഒരിക്കലും പെന്‍സില്‍ പിടിച്ചിരുന്നവരായിരുന്നില്ല. ചിലര്‍ക്ക് കാഴ്ചക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിട്ടും, ഇതൊന്നും അവരെ തടഞ്ഞില്ല. എല്ലാ തടസങ്ങളെയും മറികടന്ന് അവര്‍ ദിവസേന ക്ലാസിലെത്തി.