Friday, March 13, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 06.47 AM

‘വാക്കുകൾ കൊണ്ട് പകർത്താനാകാത്ത നിമിഷം; കൺമുന്നിൽ ഒരു സ്വപ്നം വിരിയുന്നത് കാണുന്നത് പോലെ...’മോഹന്‍ലാലിന്റെ കവിളില്‍ ചുംബനം നല്‍കി ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് ഇന്നലെ മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആ സന്തോഷം വാക്കുകളിലൂടെയും ചിത്രത്തിലൂടെയും പങ്കിടുകയാണ് സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍.
Mohanlal, Dadasaheb Award, producer Antony Perumbavoor
Mohanlal and Antony Perumbavoor (Image Source: Facebook)

രാജ്യം മുഴുവന്‍ മലയാളത്തിന്റെ അതുല്യകലാകാരന്‍ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം കിട്ടിയ സന്തോഷം ആഘോഷിക്കുകയാണ്. താരത്തിന്റെ സിനിമയിലെ സംഭാഷണങ്ങളും സീനുകളും കൊണ്ടുള്ള കൊളാഷുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ റീല്‍സുകള്‍ നിറയുകയാണ്. ഇന്നലെയാണ് മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തി മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും താരത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.
അക്കൂട്ടത്തില്‍ ഏറെ സ്പെഷ്യലായി മാറുകയാണ് മോഹന്‍ലാലിന്റെ സുഹൃത്തും സന്തതസഹചാരിയും നിര്‍മ്മാതാവുമൊക്കെയായ ആന്റണി പെരുമ്പാവൂരിന്റെ ആശംസകള്‍. മോഹന്‍ലാലിന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും പങ്കുവച്ചാണ് ആന്‍റണി പെരുമ്പാവൂരിന്റെ കുറിപ്പ്. കണ്‍മുന്നില്‍ ഒരു സ്വപ്നം യാഥാര്‍ഥ്യമായതുപോലെയാണ് തോന്നുന്നതെന്നും കടന്നുപോയത് വാക്കുകളാല്‍ പകര്‍ത്താനാവാത്ത നിമിഷമാണെന്നും ആന്റണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘‘വാക്കുകൾ കൊണ്ട് പകർത്താൻ കഴിയാത്ത ഒരു നിമിഷം....ലാൽ സാറിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത് കാണുന്നത് എന്റെ കൺമുന്നിൽ ഒരു സ്വപ്നം വിരിയുന്നത് കാണുന്നത് പോലെയാണ്....ഒരു ആരാധകൻ എന്ന നിലയിൽ നിന്ന്, ഈ സിനിമാ യാത്രയിൽ അദ്ദേഹത്തോടൊപ്പം നടക്കുമ്പോൾ, അദ്ദേഹത്തിന്റെ കഠിനാധ്വാനം, വിനയം, കലയോടുള്ള സ്നേഹം എന്നിവ ഞാൻ നിത്യവും കണ്ടിട്ടുണ്ട്. ഈ ബഹുമതി വെറുമൊരു അവാർഡല്ല, സിനിമയ്ക്കും അദ്ദേഹത്തെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതകാലത്തിന്റെ കഥയാണിത്.
അത്രത്തോളം അഭിമാനം,നന്ദി, അനുഗ്രഹങ്ങള്‍... പ്രിയപ്പെട്ട ലാൽ സാർ...യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവൻ, എന്നന്നേയ്ക്കും ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിമാനം....’’ എന്നാണ് ആന്റണി കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു വികാര നിര്‍ഭരമായ കുറിപ്പ്.

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്.
ഇത്തരമൊരു നിമിഷത്തെ കുറിച്ച്‌ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘‘എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ...’’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതിയും സംസാരിച്ചു. താരം അഭിനയിച്ച നാടകം കർണഭാരത്തെകുറിച്ച്‌ രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതില്‍ ജനങ്ങള്‍ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങള്‍ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു

Ads by Google
Ads by Google
LATEST NEWS
TRENDING NOW