-->
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി തങ്ങളുടെ പുതിയ ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷവോമി 17 സീരീസ് സെപ്റ്റംബര്‍ 25ന് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് മോഡലുകളാകും ഈ സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുക. അതില്‍ ഷവോമി 17, ഷവോമി 17 പ്രോ ഷവോമി 17 മാക്‌സ് മോഡലുകള്‍ ഉള്‍പ്പെടുന്നു.
കരുത്തന്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 5 ചിപ്‌സെറ്റുള്ള ആദ്യ ഫോണുകളുമായി എത്തുന്നു എന്നതാണ് ഷവോമി 17 സീരീസിന്റെ ലോഞ്ചിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഈ ചിപ്‌സെറ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ ആഴ്ച തന്നെ ഈ ചിപ്‌സെറ്റ് ഔദ്യോഗികമായി പുറത്തിറക്കും. അതിന് പിന്നാലെയാണ് ഷവോമി 17 സീരീസ് ലോഞ്ച് ചെയ്യുകയെന്നാണ് വിവരം. ഷവോമി 17 മോഡല്‍ ഷവോമിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്റ്റാന്‍ഡേര്‍ഡ് ഫ്‌ലാഗ്ഷിപ്പായിട്ടാണ് എത്തുക എന്ന് കമ്പനി പറയുന്നു.
90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതില്‍ ഉണ്ടാകുക. ലോഞ്ച് ഇവന്റില്‍ ഷവോമി 17 സീരീസിന് പുറമേ ഷവോമി പാഡ് 8, പാഡ് പ്രോ എന്നിവ അടങ്ങുന്ന ഷവോമി പാഡ് 8 സീരീസും അവതരിപ്പിക്കും. ഷവോമിയുടെ 17 സീരീസിലെ മൂന്ന് മോഡലുകളും വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയോടെയാണ് എത്തുക എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഫോണുകളിലെ മറ്റ് ഫീച്ചറുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.