-->
ഈ വര്‍ഷം സിനിമകളില്‍ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. കഴിഞ്ഞ വര്‍ഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുളളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. സിനിമ അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍ എല്ലാം കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായതാണ്. ഈ വര്‍ഷം ഇനി സിനിമകള്‍ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് നാലു മാസമായി. അതില്‍ തിര 2 ഉണ്ട് പിന്നെ മറ്റു രണ്ട് കഥകള്‍ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. ധ്യാന്‍ പറഞ്ഞു. ധനസമാഹരണയജ്ഞം കഴിഞ്ഞുവെന്നും ഇനി സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിയേറ്റര്‍ റിലീസ് സമയത്ത് വലിയ ശ്രദ്ധ നേടാതെ പോയ സിനിമയാണ് തിര . സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ധ്യാന്‍ പറഞ്ഞു. 2013 ല്‍ തന്നെ തിരയുഴട കാന്‍വാസ് നല്ല വലുതായിരുന്നു. നാല-അഞ്ച് സ്‌റ്റേജുകളില്‍ പോയി ഷൂട്ട് ചെയ്തു, മറ്റു ഭാഷകളില്‍ നിന്നുളള അഭിനേതാക്കളെ കൊണ്ടുവന്ന് മള്‍ട്ടി ലാംഗ്വേജ് ആയി ഷൂട്ട് ചെയ്ത സിനിമയാണത്.
അന്നത്തെ മലയാളി പ്രേക്ഷകര്‍ക്ക് വളരെ കാലത്തിന് മുന്‍പ് വന്ന സിനിമയായി തിര തോന്നി. ഇന്ന് നമ്മള്‍ എല്ലാ തരം സിനിമകളും നമ്മള്‍ സ്വീകരിക്കുന്നു. ഇന്ന് തിരയ്ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. തിരയ്ക്ക് ഒരു കള്‍ട്ട് പ്രേക്ഷകര്‍ ഉണ്ട് അപ്പോള്‍ രണ്ടാം ഭാഗം അതിനും മുകളില്‍ നില്‍ക്കണം. രണ്ടാം ഭാഗം വലിയ സ്‌കെയിലില്‍ ആണ് എഴുതുന്നതും ചിന്തിക്കുന്നതും. അതുകൊണ്ട് അതിന്റെതായ സമയം എടുത്ത് പ്രീ പ്രൊഡക്ഷന്‍ ചെയ്തു മാത്രമേ ആ സിനിമ ചെയ്യാന്‍ സാധിക്കൂ. വലിയ കോസ്റ്റ് വരുന്ന സിനിമയാകും തിര 2 ', ധ്യാന്‍ പറഞ്ഞു.
നേരത്തെ ചിത്രവുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് വിനീത് പറഞ്ഞിരുന്നു. തുടര്‍ന്ന് ആദ്യ ഭാഗത്തിന്റെ എഴുത്തുകാരനായ രാകേഷ് മണ്ടോടിയും ധ്യാനും ചേര്‍ന്ന് രണ്ടാം ഭാഗം ചെയ്യാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശോഭനയുടെ തിരിച്ചുവരവിന് വഴിവെച്ച സിനിമ കൂടിയാണ് തിര. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സിനിമ കൂടിയാണിത്. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മ്മിച്ച ഈ ചിത്രം എല്‍ജെ ഫിലിംസ് ആണ് വിതരണം ചെയ്തത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ഷാന്‍ റഹ്മാന്‍ സിനിമയ്ക്ക് സംഗീതം നല്‍കി. രഞ്ജന്‍ എബ്രഹാം ആണ് സിനിമയുടെ എഡിറ്റര്‍.