-->
ഇന്ത്യയില്‍ നിര്‍മിച്ച നിസാന്‍ മാഗ്‌നൈറ്റ് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലിന്റെ ആദ്യ വിപണി സൗദി അറേബ്യയായിരുന്നു. എന്നാല്‍ അവിടെ വിറ്റഴിച്ച മാഗ്‌നൈറ്റുകളെല്ലാം കമ്പനി തിരിച്ചുവിളിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലേക്ക് അയച്ച മെയ്ഡ് ഇന്‍ ഇന്ത്യ 2025 നിസാന്‍ മാഗ്‌നൈറ്റ് ബ്രേക്കിംഗ് പ്രശ്നങ്ങള്‍ കാരണമാണ് ബ്രാന്‍ഡ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ ബ്രേക്കിംഗ് തകരാര്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണ് നിസാന്‍ പറയുന്നത്.
തകരാര്‍ ഉടനടി പരിഹരിക്കണമെന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആവശ്യം. വാങ്ങിയവരെല്ലാം ഉടനടി വണ്ടി സര്‍വീസ് സെന്ററിലെത്തിക്കേണ്ടതാണ്. സൗദി അറേബ്യന്‍ വിപണിയില്‍ വിറ്റ 1,552 യൂണിറ്റുകളിലാണ് ബ്രേക്കിംഗ് തകരാര്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് നിഗമനമെന്ന് റഷ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2025 സെപ്റ്റംബര്‍ ഒമ്പതിനാണ് നിസാന്‍ ഈ തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതും. തകരാര്‍ ബാധിച്ച മോഡലുകള്‍ കമ്പനി ഫ്രീയായി തന്നെ പരിഹരിച്ച് നല്‍കും. നിസാന്‍ പറയുന്നതനുസരിച്ച്, ബ്രേക്ക് പൈപ്പിനും ഹീറ്റ് ഷീല്‍ഡിനും ഇടയിലുള്ള ക്ലിയറന്‍സ് അപര്യാപ്തമായിരിക്കും.
ഇത് ബ്രേക്ക് പെഡലിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതിനും അപകട സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകും. ഇത് തകരാറിനും ബ്രേക്ക് ഫ്‌ലൂയിഡ് ചോര്‍ച്ചയ്ക്കും കാരണമായേക്കാം. അതുവഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്രേക്ക് വാര്‍ണിംഗ് സന്ദേശം ട്രിഗര്‍ ചെയ്യുകയോ ബ്രേക്കിംഗ് പ്രകടനം ഫലപ്രദമല്ലാതാകുകയോ ചെയ്‌തേക്കാം. സൗജന്യമായി നല്‍കുന്ന അടിയന്തര പരിഹാരത്തിനായി ഉടമകള്‍ അവരുടെ അടുത്തുള്ള അംഗീകൃത നിസാന്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.
ഇന്ത്യയിലും സൗദി അറേബ്യയിലും വില്‍ക്കുന്ന നിസാന്‍ മാഗ്‌നൈറ്റ് എസ്യുവികള്‍ യഥാക്രമം LHD, RHD എന്നിവ ഒഴികെ ഏറെക്കുറെ ഒരുപോലെയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ സ്‌പെക്ക് മോഡലില്‍ കാണുന്ന അതേ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സ്‌പെക്ക് മോഡലില്‍ കാണാനിടയില്ല. കാരണം ഡ്രൈവറുടെ സ്ഥാനം കാരണം ബ്രേക്ക് ഫ്‌ലൂയിഡ് പൈപ്പുകള്‍ വ്യത്യസ്തമായാണ് റൂട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യ സ്‌പെക്ക് മോഡലിനായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇതുവരെ ഇത്തരം തിരിച്ചുവിളിക്കലുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല.