-->
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ആംപിയര്‍ ഇപ്പോഴിതാ 89,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയുള്ള അവരുടെ ഏറ്റവും പുതിയ ഫാമിലി സ്‌കൂട്ടറായ മാഗ്‌നസ് ഗ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുകയാണ്. നെക്സസിന് ശേഷം ഇതേ സെഗ്മെന്റില്‍ ആംപിയര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണിത്. മാച്ച ഗ്രീന്‍, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് പുതിയ പ്രീമിയം ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ ഗോള്‍ഡന്‍ ബാഡ്ജിംഗ് എന്നിവയുള്‍പ്പെടെ പുതുക്കിയ രൂപം മാഗ്‌നസ് ഗ്രാന്‍ഡിനെ വേറിട്ടു നിര്‍ത്തുന്നുമുണ്ട്.
പിന്നിലെ കരുത്തുറ്റ ഗ്രാബ് റെയില്‍, വിശാലമായ സീറ്റ്, ഉയര്‍ന്ന പേലോഡ് ശേഷി എന്നിവ ഉപയോഗിച്ച് ആംപിയര്‍ എര്‍ഗണോമിക്‌സിലും യാത്രക്കാരുടെ സുഖസൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുണ്ട്. മാഗ്‌നസ് ഗ്രാന്‍ഡിന്റെ കാതലായ ഭാഗം ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ്. പരമ്പരാഗത ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളേക്കാള്‍ ഈടുനില്‍ക്കുന്നതിനും സുരക്ഷാ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് എല്‍എഫ്പി ബാറ്ററികള്‍. ആംപിയര്‍ 5 വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വാറണ്ടിയാണ് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറിലെ 2.3 kWh LPF ബാറ്ററി പായ്ക്കിന് സിംഗിള്‍ ചാര്‍ജില്‍ 80-95 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കാനാവുക. ഇത് ഇക്കോ മോഡില്‍ ഉപയോഗിക്കുമ്പോഴുള്ള കണക്കുകളാണെന്നതും കമ്പനി പ്രത്യേകം പറയുന്നുണ്ട്. പുതുക്കിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ, സിറ്റി റൈഡിംഗ് ആത്മവിശ്വാസത്തിനായി നൂതന ബ്രേക്കിംഗ് സാങ്കേതികവിദ്യ, മെച്ചപ്പെട്ട ഈടും ഹാന്‍ഡിലിംഗും ഉറപ്പാക്കാന്‍ ഡ്യുവല്‍ ഫ്രെയിം ഷാസി, വിശാലമായ ബൂട്ട് സ്‌പേസും എല്ലാത്തരം കുടുംബങ്ങള്‍ക്കും അനുയോജ്യമായ സീറ്റിംഗ് ലേഔട്ട് എന്നിവയാണ് ഇവിയിലെ മറ്റ് ഹൈലൈറ്റുകള്‍.