-->
പത്തനംതിട്ട: ശബരിമല വിമാനത്താവളവും റെയില്‍, റോപ്പ്‌വേ, റോഡ് ഉള്‍പ്പെടെയുള്ള വിപുലവും അത്യാധുനികവുമായ ഗതാഗത സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ അല്ലാത്തവരാണ് അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നതെന്നും ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറയുന്നവര്‍ ക്ഷേത്രങ്ങള്‍ പഴയ രീതിയില്‍ കിടന്നു നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും പറഞ്ഞു. പമ്പാ മണപ്പുറത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്ത് എവിടെ നിന്നുമുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരുന്നതിനും ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്. ഗതാഗത സംവിധാനം മുതല്‍ വിര്‍ച്വല്‍ കണക്ടിവിറ്റി വരെ ഇതില്‍ വരുന്നു. ഭാഷാഭേദമെന്യേ വിവരങ്ങള്‍ ലഭ്യമാകുന്നതിനും റജിസ്‌ട്രേഷന്‍ നടത്തുന്നതിനും ഹെല്‍പ്പ് ഡെസ്്ക്ക് എന്നിവയെല്ലാം ഇതില്‍ വരുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പെട്ടെന്നുണ്ടായ കാര്യമല്ലെന്നും ദീര്‍ഘനാളത്തെ ആലോചനയ്ക്ക് ശേഷം നടപ്പിലാക്കുന്ന പരിപാടിയാണെന്നും പറഞ്ഞു. സിംഗപ്പൂരില്‍ നിന്നും മറ്റും വിമാനത്തില്‍ എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ ആലോചന ഉണ്ടായത്. ശബരിമല വിമാനത്താവളവും ശബരിമല റെയില്‍ റോപ്‌വേ എന്നിവയും യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിലില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പകുതി ചെലവ് വഹിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് അറിയിക്കുകയും ചെയ്‌തെന്നും പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ച് തീര്‍ത്ഥാടകര്‍ കൂടുമ്പോള്‍ അത് ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഉയര്‍ന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലന താല്‍പ്പര്യമോ വിശ്വാസപരമായ യുക്തിയോ ഇല്ലാത്തവരാണ് കോടതിയില്‍ പോയത്. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ മാറണമെന്ന് ചിലര്‍ പറയുന്നു. വിശ്വാസികളുടെ കയ്യിലിരുന്ന പലക്ഷേത്രങ്ങളും നശിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാകണമെന്ന ആവശ്യം വിശ്വാസിസമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ നിന്നുള്ള പണം സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം തെറ്റാണെന്നും മറിച്ച് സര്‍ക്കാര്‍ ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ദേവസ്വംബോര്‍ഡിന് സാമ്പത്തീകസഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പോലും വിഷമിച്ചപ്പോള്‍ 140 കോടിയുടെ ധനസഹായമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയതെന്നും പറഞ്ഞു. ശബരിമല മാസ്റ്റര്‍പ്ലാന്‍ 2011 ല്‍ തുടങ്ങിയതാണ്. 2020 ല്‍ നിലയ്ക്കിലിന്റെ വികസനത്തിനുള്ള മാസ്റ്റര്‍പ്ലാനും ഉണ്ടാക്കിയെന്നും പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവും നടത്തുന്നുണ്ടെന്ന പ്രചരണം തെറ്റാണ്. കൊച്ചിയില്‍ നടക്കുന്ന 33 സെമിനാറുകളിലെ വിഷയങ്ങളിലൊന്നാണ് ഇത്.
ഭക്തി കേവല പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക താല്‍പ്പര്യവും അജണ്ഡയും ഉണ്ടാകും. അവര്‍ ഭക്തജന സംഗമം തടയാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിനോക്കി. ആ വഴിക്കുള്ള ശ്രമങ്ങളെ സുപ്രീംകോടതി തന്നെ വിലക്കി എന്നത് ഏറെ ആശ്വസകരമാണ്. യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല. ഭഗവത്ഗീത ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ട ശ്‌ളോകങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഒന്നിനെയും ദ്വേഷിക്കാത്തവര്‍ എല്ലാറ്റിനും മിത്രമായിരിക്കുന്നവരും എല്ലാവരിലും ദയയുള്ളവരും സുഖദുഖങ്ങളില്‍ ഭാവഭേദമില്ലാത്തവരും എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവരാണ് ഭക്തര്‍ എന്നാണ് ഗീതയില്‍ നിര്‍വ്വചിച്ചിരിക്കുന്നത്. അതിന് നിരക്കുന്നവരുടെ സംഗമമാണ് ഇത്. ഗീതയില്‍ ഭക്തിയെക്കുറിച്ച് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളവരുടെ സംഗമം. ശബരിമല മതനിരപേക്ഷതയില്‍ തിളങ്ങി നില്‍ക്കുന്നതാണ്. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ രീതിയില്‍ നിലകൊള്ളുമ്പോഴും എല്ലാമത ജാതി വിശ്വാസങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും ഒരുമിക്കുന്ന സ്ഥലമാണ് ശബരിമല.
കഷ്ടപ്പെട്ട് കാനനപാത താണ്ടി പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് തത്വമസി എന്ന ആശയമാണ്. ഞാനും നീയും ഒന്നാകുമ്പോള്‍ അന്യരില്ല എന്നാണ് അര്‍ത്ഥം. അന്യത എന്നത് ഇല്ലാതാകുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയിക്കുകയാണ്. അത് തെളിയിക്കുക എന്നതാണ് ശബരിമല നല്‍കുന്ന സന്ദേശം. ശ്രീനാരയണഗുരുവും ചട്ടമ്പിസ്വാമിയുമൊക്കെ തെളിയിച്ചു തന്നതാണ്. ഇതിന്റെ പ്രഘോഷണം തെളിയിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ ഉയരുന്ന ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍മാഷാണ്. അത് ആലപിച്ചത് ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസുമാണ്.
അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങിനെ സര്‍വ്വധര്‍മ്മ ഭാവനയില്‍ നില്‍ക്കുന്ന ക്ഷേത്രമാണ് ശബരിമല. ഇതിന്റെ മതാതീയത ആത്മീയത അത്യപൂര്‍വ്വതയാണ്. ഇത് ലോകത്തിന് മുമ്പില്‍ കൊണ്ടുവരാനാണ് രാജ്യാന്തരങ്ങളിലുള്ള അയ്യപ്പഭക്തരെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ കഴിയുന്ന വിധം ശബരിമലയുടെ മേഖലയും മാറ്റണം. തീര്‍ത്ഥടക ഭൂപടത്തില്‍ ശബരിമലയെയും കൊണ്ടുവരിക എന്നത് ഈ അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്. വികസന പദ്ധതികള്‍ പരിസ്ഥതിക്ക് ദോഷകരമാകാത്ത വിധം ചെയ്യണം. തീര്‍ത്ഥാടനം ആയാസരഹിതമാക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.