-->
റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. സ്വകാര്യ ജീവിതത്തില്‍ പല പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദങ്ങഴും നേരിട്ടെങ്കിലും അമൃത സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. യൂട്യൂബിലൂടെയും മറ്റും അമൃത പങ്കിടുന്ന വിശേഷങ്ങള്‍ക്കും റീല്‍സുകള്‍ക്കും പാട്ടുകള്‍ക്കുമൊക്കെ ആരാധകരേറെയാണ്. വിദേശരാജ്യങ്ങളിലും മറ്റും അമൃതയെന്ന ഗായിക ശരിക്കും സുപരിചിതയാണ്.
സോഷ്യല്‍ മീഡിയയിലും അമൃത സുരേഷ് സജീവമാണ്. എല്ലാ വിശേഷങ്ങളും അമൃത ആരാധകരുമായി പങ്കിടുന്നത് അതുവഴിയാണ്. സന്തോഷങ്ങളും സങ്കടങ്ങളും പുതിയ ചുവടുവയ്പുകളുമെല്ലാം അമൃത അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചുവടു വയ്പിനെ കുറിച്ച് അമൃത സുരേഷ് പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തുഎന്ന വിവരമാണ് അമൃത സുരേഷ് പങ്കുവച്ചത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആദ്യമായി സംവിധാനം ചെയ്ത ദ ബാഡ്സ് ഒഫ് ബോളിവുഡ് എന്ന വെബ്സീരീസിലാണ് അമൃത ഡബ്ബ് ചെയ്തത്. സീരീസിന്റെ മലയാളം പതിപ്പില്‍ നായികയ്ക്കാണ് അമൃത ശബ്ദം നല്‍കിയിരിക്കുന്നത്. ആ സന്തോഷമാണ് അമൃത പങ്കിട്ടിരിക്കുന്നത്.
‘‘സത്യം പറഞ്ഞാൽ, ഇപ്പോൾ എന്റെ ആവേശം എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല... ഡബ്ബിംഗ് ആർട്ടിസ്റ്റായി എന്റെ ആദ്യ അരങ്ങേറ്റം - അതും മറ്റാര്‍ക്കും വേണ്ടിയല്ല, ആര്യൻ ഖാൻ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സിന്റെ പുതിയ വെബ് സീരീസായ ‘ബാഡ്സ് ഓഫ് ബോളിവുഡ്’ ലെ പ്രധാന നായികയ്ക്ക് വേണ്ടി...ഇത് എനിക്ക് വളരെ വലിയ ഒരു സ്വപ്ന നിമിഷമാണ്, ഞാൻ എന്റെ മുഴുവൻ ഹൃദയവും അതിൽ നിക്ഷേപിച്ചു...
അപ്പോൾ സുഹൃത്തുക്കളേ, ദയവായി ഇത് കണ്ട് ഞാൻ എങ്ങനെ ചെയ്തുവെന്ന് എന്നോട് പറയൂ... നിങ്ങളുടെ സ്നേഹവും ഫീഡ്‌ബാക്കും എനിക്ക് മറ്റെന്തിനേക്കാളും വലുതാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അമൃത പുതിയ ചുവടുവയ്പിന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
‘ഹീറോയിനാണ് ഞാൻ ശബ്ദം നല്‍കിയിരിക്കുന്നത്. എല്ലാവരും സീരീസ് കാണണം. ഡബ്ബിംഗ് എങ്ങനെയുണ്ടെന്ന് പറയണം. ജീവിതത്തില്‍ ഇതുവരെ ഞാൻ ചെയ്യാത്ത കാര്യമാണ്. അതും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാഗം. ഈ പരിപാടി ഞാൻ മുന്നോട്ട് കൊണ്ടു പോകണോ എന്ന കമന്റ് ചെയ്യണമെന്നും’ വീഡിയോയില്‍ അമൃത പറയുന്നുണ്ട്.
നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ 2025ലെ പ്രധാന സീരിസുകളില്‍ ഒന്നാണ് ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്. ബോബി ഡിയോള്‍, രാഘവ് ജുയല്‍, മനോജ് പഹ്വ, മോന സിംഗ്, രജത് ബേദി, ഗൗതമി കപൂർ, മനീഷ് ചൗധരി, ലക്ഷ്യ, സഹേർ ബംബ എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കള്‍. രണ്‍ബീർ കപൂർ, കരണ്‍ ജോഹർ, സല്‍മാൻ ഖാൻ, ആമിർ ഖാൻ, രണ്‍വീർ സിംഗ്, ഷാരൂഖ് ഖാൻ, തുടങ്ങിയവരും ഈ സീരിസില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.