-->
മലയാള സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന. പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ച താരത്തിന് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിലധികമായി സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശോഭന. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ശോഭന തന്റെ നൃത്ത വീഡിയോകളും യാത്രാചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ആരാധകർക്കായി രസകരമായ ടാസ്ക് ഒരുക്കുകയാണ് ശോഭന. തന്റെ സോഷ്യല്‍ മീഡിയ പേജിൽ ഒരു പെയിന്റിങ് പങ്കുവച്ചാണ് ശോഭന ആരാധകർക്കു മുൻപിൽ ഒരു കുസൃതിചോദ്യം ചോദിച്ചത്. നദിക്കരയിൽ ഇരുന്ന് തംബുരു മീട്ടി പാടുന്ന ഒരു യുവതിയും അവരെ നോക്കിക്കൊണ്ടിരിക്കുന്ന യുവാവുമാണ് പെയിന്റിങ്ങിലുള്ളത്. ‘ദളപതി’ സിനിമയിലെ ഒരു ക്ലാസിക് ഫ്രെയിമിന്റെ പെയിന്റിംഗാണ് താരം പങ്കിട്ടത്. ‘ഈ പെയിന്റിംഗില്‍ ആരൊക്കെയാണുള്ളത്, ഇത് ആരാണ് വരച്ചതെന്ന് കണ്ടുപിടിക്കാമോ’ എന്ന ചോദ്യങ്ങളും താരം പോസ്റ്റില്‍ പങ്കുവച്ചു. വരച്ച വ്യക്തിയെക്കുറിച്ചുള്ള സൂചനകൾ നൽകിയായിരുന്നു ശോഭനയുടെ പോസ്റ്റ്.
‘നടിയും സുഹൃത്തും സംവിധായികയും ഛായാഗ്രാഹകയും സാമൂഹ്യപ്രവർത്തകയുമായി ഒരാളുടേതാണ് പെയിന്റിങ്. ആരാണെന്നു പറയാമോ?’ എന്ന ക്യാപ്ഷനാണ് ശോഭന പോസ്റ്റില്‍ കുറിച്ചത്. പെയിന്റിങ്ങിലുള്ളവരുടെ പേരുകളും ആരാധകർക്ക് ഊഹിക്കാനായി വിട്ടുകൊടുത്തു.
താരത്തിന്റെ പോസ്റ്റിന് താഴെ പല ആരാധകര്‍ കമന്റുകള്‍ കുറിച്ചു. പെയിന്റിംഗ് ആരുടേതാണെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും ആരാധകരും കുറിച്ചു. ‘ദളപതി’ സിനിമയിലെ ശോഭനയും രജനികാന്തുമാണ് പെയിന്റിംഗിലുള്ളതെന്ന് നിരവധി പേർ കമന്റ് ചെയ്തു. അതിന് ‘അതെ’ എന്ന് ശോഭന മറുപടി നല്‍കി.
ശോഭന തന്നെ വരച്ചതാണെന്നും രേവതിയോ സുഹാസിനിയോ ആയിരിക്കുമെന്നും ചിലര്‍ ഊഹിച്ചു. അവസാനം കൃത്യമായ ഉത്തരം കമന്റ് ബോക്സിൽ പങ്കുവച്ച് ശോഭന തന്നെ എത്തി. സുഹാസിനി വരച്ചു നൽകിയ ഡിജിറ്റർ പെയിന്റിങ് ആണെന്ന് ശോഭന കുറിച്ചു. ഒപ്പം സുഹാസിനിയെക്കുറിച്ച് ചെറിയ വാക്കുകളിൽ ഒരു കൊച്ചുവിവരണവും ശോഭന പങ്കുവച്ചു. ‘ഇത് വരച്ചത് മറ്റാരുമല്ല, സുഹാസിനി തന്നെ! മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ക്യാമറ പഠിക്കാനെത്തി അവിടെ നിന്ന് ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ആദ്യ വനിത...’ എന്നാണ് ശോഭന കമന്റില്‍ കുറിച്ചത്. ശോഭനയുടെ കുറിപ്പും മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.