-->
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പരീക്ഷപേപ്പര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഹാന്‍ അനൂപ് എന്ന കൊച്ചുമിടുക്കന്റെ പരീക്ഷപേപ്പറിന്റെ ചിത്രമാണ് മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി എഴുതാന്‍ ആയിരുന്നു ചോദ്യം. ' ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്ന സന്ദേശം കൂടി അഹാന്‍ തന്റെ ഉത്തരത്തിനൊപ്പം എഴുതി. പരീക്ഷപേപ്പറിന്റെ ചിത്രം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ കൈയടി ആണ് അഹാന് കിട്ടിയത്.
ഇപ്പോള്‍ അഹാനെ നേരിട്ടു കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി. നിയമസഭയില്‍ വെച്ചാണ് അഹാന്‍ മന്ത്രിയെ കണ്ടത്.അഹാനൊപ്പമുളള വീഡിയോയും മന്ത്രി പങ്കുവെച്ചു.
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്..'
പരീക്ഷാ പേപ്പറില്‍ ഈ വലിയ സന്ദേശം കുറിച്ചുവെച്ച മിടുക്കനെ ഇന്ന് നിയമസഭയില്‍ വെച്ച് കണ്ടുമുട്ടി. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഹാന്‍ അനൂപ് ആണ് ആ താരം.സഭയിലെത്തിയ അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഹാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- എന്നാണ് വീഡിയോയ്‌ക്കൊപ്പം മന്ത്രി കുറിച്ചത്.