-->
കലാലോകത്ത് ഉണ്ടാകുന്ന വേര്‍പാടുകള്‍ പലപ്പോഴും അവരുടെ കുടുംബത്തെ മാത്രമല്ല ആരാധകരെയും ഒരുപോലെ ഞെട്ടിപ്പിക്കാറുണ്ട്. തങ്ങളുടെ മികച്ച കഥാപാത്രങ്ങളും പുതിയ സ്വപ്നങ്ങളുമൊക്കെ ബാക്കിയാക്കിയാണ് പലരും അകാലത്തില്‍ വേര്‍പെട്ടു പോകുന്നത്. അടുത്തിടെ അങ്ങനെ കലാലോകത്തുണ്ടായ ഒരു വേര്‍പാടായിരുന്നു പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റേത്.
കരിയറില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയായിരുന്നു രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് നവാസിന്റെ ജീവൻ നഷ്ടപ്പെട്ടത്. നവാസിന്റെ കുടുംബത്തിന് മാത്രമല്ല കൂടെ അഭിനയിച്ചവര്‍ക്കും ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കുമൊക്കെ ഒരു തീരാ വിങ്ങലാണ് നവാസിന്റെ വേര്‍പാട്
ഇപ്പോഴിതാ നവാസും ഭാര്യയും നടിയുമായ രഹ്നയും ചേർന്നഭിനയിച്ച ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് നല്‍കുകയാണ് താരത്തിന്റെ മക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വാപ്പച്ചിയും ഉമ്മയും ചേര്‍ന്നഭിനയിച്ച ‘ഇഴ’ സിനിമ യൂട്യൂബില്‍ റിലീസായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പോസ്റ്റില്‍ കുറിച്ചത്. വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും കുറിപ്പിലുണ്ട്.
‘‘പ്രിയരേ,
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും ‘ഇഴ’ സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു....വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു...പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്...എല്ലാവരും സിനിമ കാണണം....’’ എന്നാണ് മക്കള്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ പിന്തുണയും ആശംസയും സിനിമ കണ്ടിട്ടുള്ള ഫീഡ്ബാക്കും പ്രേക്ഷകര്‍ പങ്കുവച്ചിട്ടുണ്ട്. ‘വലിയ ഒരു മെസേജ് ആണ് പ്രിയപെട്ട നവസ്ക്ക ആ ഒരു സിനിമയിലൂടെ സമൂഹത്തിന്ന് മുന്നിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു പോയത്, കണ്ടു നല്ല സിനിമ... നവാസ് ഇക്കാ ഒത്തിരി ഇഷ്ടം, ഓരോ കഥാപാത്രങ്ങളും ജീവിച്ച സിനിമ, കണ്ടു ഇഷ്ടപ്പെട്ടു പല രംഗങ്ങളിലും ഒരു വിങ്ങൽ അനുഭവപ്പെട്ടു...’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
പ്രകമ്പനം സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു നവാസിന്റെ മരണം. ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു താരം. ഒരുപാട് സമയമായിട്ടും താരം പുറത്തു വരാതിരുന്നതിനെ തുടര്‍ന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ വീണുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.