-->
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശത്തോടെയാണ് കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ആദ്യ ആഴ്ച മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കണ്ടന്റുകളാണ് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം നല്‍കിക്കൊണ്ടിരിക്കുന്നത്. കുറച്ചു പേര്‍ ഹൗസില്‍ നിന്ന് പോയ ശേഷം വൈല്‍ഡ് കാര്‍ഡിലൂടെ വീട്ടിലേക്ക് എത്തിയ മത്സരാര്‍ത്ഥിയാണ് അവതാരകയായ മസ്താനി. വന്ന ദിവസം മുതല്‍ മസ്താനിക്ക് ഹേറ്റേഴ്സിനെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാത്ത സംസാരം, മോശമായ പെരുമാറ്റം, സഹമത്സരാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണം എന്നിവയടക്കം ചെയ്ത് മസ്താനി ഹേറ്റേഴ്സിന്റെ പട്ടികയില്‍ മുന്നിലെത്തി.
ഏറ്റവുമവസാനം ഇക്കഴിഞ്ഞ ദിവസം മസ്താനി ഹൗസില്‍ നിന്ന് പുറത്താകുകയും ചെയ്തു. സത്യത്തില്‍ ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആഘോഷിച്ച എവിക്ഷനായിരുന്നു മസ്താനിയുടേത്. ഷോയില്‍ ഒരാള്‍ പുറത്ത് പോകുമ്പോള്‍ എത്ര വഴക്കിട്ടവരാണെങ്കിലും അന്നത്തെ ദിവസം വെെകാരികമായി കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചുമാണ് യാത്രയാക്കാറുള്ളത്.
എന്നാല്‍ മസ്താനിയുടെ കാര്യത്തില്‍ നടന്നത് മറ്റൊന്നായിരുനനു. ലക്ഷ്മി, നെവിൻ എന്നിവർ മാത്രമാണ് മസ്താനി പോയതില്‍ കുറച്ചെങ്കിലും വിഷമിച്ചത്. ആര്യൻ, ആദില, നൂറ, ജിസേല്‍, അക്ബർ, റെന ഫാത്തിമ, ഷാനവാസ്, ബിന്നി തുടങ്ങിയവരെല്ലാം ഏറെ ആഹ്ലാദിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തു.
ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള മസ്താനിയുടെ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായിപ്പോയി മസ്താനിക്കെന്ന് അഭിമുഖം കണ്ടാല്‍ മനസ്സിലാകും. ബിഗ് ബോസില്‍ നിന്നും പരിഹസിക്കപ്പെട്ട് അഭിമുഖത്തിനെത്തിയ മസ്താനിയെ മുന്നിലിരുന്ന ആങ്കര്‍ നിർത്തിപ്പൊരിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു. മസ്താനി ബിഗ് ബോസില്‍ ഇതുവരെ ചെയ്ത തെറ്റായ കാര്യങ്ങളെല്ലാം ആങ്കർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു മയവുമില്ലാതെ ചോദ്യങ്ങള്‍ വന്നപ്പോള്‍ മസ്താനി പതറി.
ഇപ്പോഴിതാ മസ്താനിയും വേദ് ലക്ഷ്മിയും ലെസ്ബിയന്‍സിനെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവനയെക്കുറിച്ച് അവതാരക ചോദിക്കുമ്പോള്‍ മസ്താനി പറയുന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘ആദിലയെയും നൂറയെയും കുറിച്ച് ഞാനാണെങ്കില്‍ ഇങ്ങനെയുള്ളവരെ വീട്ടില്‍ കയറ്റില്ല’ എന്ന് ലക്ഷ്മി പറഞ്ഞതിനെ മസ്താനി പിന്തുണയ്ക്കുന്നുണ്ടല്ലോ എന്നാണ് അവതാരക ചോദിച്ചത്. അതിന് മസ്താനി പറഞ്ഞ മറുപടി, ‘എന്റെ വീട്ടില്‍ ഞാന്‍ കയറ്റില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ, അത് ലക്ഷ്മി പറഞ്ഞ സ്റ്റേറ്റ്മെന്റല്ലേ’ എന്നാണ്. ‘അവര് താമസിക്കുന്ന വീട്ടിലേക്ക് പോകുമോ‘ എന്ന് അവതാരക ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്ന് മസ്താനി മറുപടി നല്‍കി.
‘പിന്നെ എന്തിനാണ് അവര്‍ താമസിക്കുന്നയിടത്തേക്ക് മസ്താനി പോയത്, മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഇങ്ങനെ രണ്ടുപേര്‍ അവിടെയുണ്ടെന്നറിയില്ല, പക്ഷേ വൈല്‍ഡ് കാര്‍ഡായ നിങ്ങള്‍ക്ക് അറിയുമായിരുന്നല്ലോ’ എന്നായി അവതാരക. ‘എന്റെ കുടുംബത്തില്‍ അതായത് എന്റെ സിസ്റ്റര്‍ ഒരു ലെസിബിയന്‍ കപ്പിളായി മാറുകയാണെങ്കില്‍ എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഡിസ്റ്റന്‍സിടും, എനിക്ക് അംഗീകരിക്കാനാവില്ല. അവര്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ ചെയ്തു കൊടുക്കും. അവര്‍ അവരുടെ ലൈഫുമായി ജീവിക്കും. എനിക്കതില്‍ പ്രശ്നമില്ല, പക്ഷേ എന്റെ ഫാമിലിയില്‍ എനിക്ക് അക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല. എന്തുകൊണ്ടാണെന്നറിയില്ല, എനിക്ക് ഡൈജസ്റ്റാവില്ല...’’എന്നാണ് മസ്താനി പറയുന്ന മറുപടി.
മസ്താനിയുടെ ആ മറുപടിയും അവതാരക തന്റെ വാക്കുകള്‍ കൊണ്ട് കീറിമുറിക്കുന്നുണ്ട്.
ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ആങ്കറായ മസ്താനി നിരവധി പേരോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഏഷ്യാനെറ്റിലെ ആങ്കർ മസ്താനിയെ വിറപ്പിച്ചു, റിയല്‍ ഇന്റർവ്യു എന്താണെന്ന് ഇപ്പോള്‍ മസ്തനിക് മനസ്സിലായോ?, ഇനി ആങ്കറായി ഇരിക്കാൻ പോലും മസ്താനി ഒന്ന് ഭയക്കും, അത്രമാത്രം മസ്താനി വിയർത്തു’ എന്നതടക്കമാണ് കമന്റുകള്‍.
ഓണ്‍ലെെൻ മീഡിയകളില്‍ ആങ്കറായെത്തി ക്യൂട്ട് ഗേള്‍ ഇമേജില്‍ വലിയ ജനശ്രദ്ധ നേടിയ ആളാണ് മസ്താനി. ബിഗ് ബോസില്‍ എത്തുന്നത് വരെയും ആ ഇമേജ് അങ്ങനെയായിരുന്നു താനും. എന്നാല്‍ ബിഗ് ബോസ് ക്യാമറകള്‍ ഈ ഇമേജ് വലിച്ച് കീറി മസ്താനിയുടെ യഥാർത്ഥ മുഖം പുറത്താക്കി. ഹൗസിലെ മസ്താനിയുടെ പല പ്രസ്താവനകളും പ്രേക്ഷകർക്ക് ഉള്‍ക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. അതവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
മസ്താനി എവിക്‌ട് ആണെന്ന് മോഹൻലാല്‍ പറഞ്ഞപ്പോള്‍ കാണികളടക്കം കൈയടിച്ചു. മത്സരാർത്ഥികളില്‍ ആര്യൻ, റെന തുടങ്ങിയവർ തുള്ളിച്ചാടി. ആദിലയും നൂറയും പരസ്പരം കെട്ടിപ്പിടിച്ചു. എല്ലാവരോടും നല്ല രീതിയിലല്ല മസ്താനി യാത്ര പറഞ്ഞത്. നെവിൻ, ലക്ഷ്മി എന്നിവരോട് മാത്രമാണ് മസ്താനി യാത്ര പറഞ്ഞത്. മറ്റുള്ളവർ യാത്ര പറഞ്ഞപ്പോള്‍ പോലും അവഗണിച്ചു. ബിഗ്‌ബോസിലേക്ക് വെെല്‍ഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയാണ് മസ്താനി. എന്നാല്‍ തുടക്കം മുതല്‍ വീടിനകത്തുള്ളവരുടെയും പുറത്തുള്ള പ്രേക്ഷകരുടെയും വെറുപ്പ് സമ്പാദിച്ച മത്സരാര്‍ത്ഥി കൂടിയാണ് മസ്താനി.