-->
ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന കാര്യവും ജില്ലാ കളക്ടറുടെ അധികാരവും സ്റ്റേ ചെയ്തു. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെ നിര്‍ണ്ണായ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് എ.ജി. മാസിഹും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. വഖഫ് സ്വത്തില്‍ തീരുമാനം എടുക്കുന്നത് സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരായ ജില്ലാകളക്ടറാണ്. എന്നാല്‍ ജില്ലാകളക്ടറുടെ അധികാരത്തെ സ്‌റ്റേ ചെയ്തു. മുഴുവന്‍ നിയമവും സ്റ്റേ ചെയ്യാന്‍ ഒരു കേസും ഉണ്ടാക്കിയിട്ടില്ലെന്നും എന്നാല്‍ 'ചില വിഭാഗങ്ങള്‍ക്ക് ചില സംരക്ഷണം ആവശ്യമാണെന്നും പുതിയ നിയമത്തില്‍ ഒരു ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുള്ള വിപുലമായ അധികാരങ്ങളെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു. വ്യക്തിപരമായ പൗരന്മാരുടെ അവകാശങ്ങള്‍ വിധിക്കാന്‍ കളക്ടര്‍ക്ക് അനുവാദമില്ല, ഇത് അധികാര വിഭജനത്തെ ലംഘിക്കുമെന്ന് കോടതി വിലയിരുത്തി.
മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. ട്രൈബ്യൂണല്‍ വിധി പ്രസ്താവിക്കുന്നത് വരെ, ഒരു കക്ഷിക്കെതിരെയും മൂന്നാം കക്ഷി അവകാശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. കളക്ടര്‍ക്ക് അത്തരം അധികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യവസ്ഥ സ്റ്റേ തുടരും. ഒരു വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങളെയും കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങളെയും ഉള്‍പ്പെടുത്തരുതെന്നും ബെഞ്ച് പറഞ്ഞു.
അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം പിന്തുടരുന്ന ഒരാള്‍ക്ക് മാത്രമേ വഖഫ് പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന നിയമത്തിലെ വ്യവസ്ഥയും താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. 'ഒരു സംവിധാനവുമില്ലെങ്കില്‍, അത് ഏകപക്ഷീയമായ അധികാര പ്രയോഗത്തിലേക്ക് നയിക്കും,' അദ്ദേഹം അഭിപ്രായപ്പെട്ടു. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. മെയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.