-->
തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കാന്‍ സാധ്യത. പ്രതിപക്ഷനേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും അവഗണിച്ച് സഭയില്‍ എത്താനാണ് സാധ്യത. രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്ത് എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ഇതുവരെ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ലെങ്കിലും അദ്ദേഹം സഭയില്‍ എത്താതിരിക്കുന്നതാണ് നല്ലതെന്ന നിലപാടാണ് നേരത്തേ പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും പ്രകടമാക്കിയത്്.
അതേസമയം രാഹുലിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് വേണ്ട വാദിക്കുന്നത്. ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട ഇടതുപക്ഷ എംഎല്‍എ മാരും സഭയില്‍ ഉള്ള സാഹചര്യത്തില്‍ രാഹുലിന് പ്രത്യേകമായി തടസ്സം സൃഷ്ടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇവര്‍ പറയുന്ന ന്യായീകരണം. നേരത്തേ ലൈംഗികാപവാദത്തിന്റെ പശ്ചാത്തത്തില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തോട് എംഎല്‍എ സ്ഥാനം രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാലക്കാട് ഇനിയുമൊരു ഉപതെരഞ്ഞടുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനമാണ് എംഎല്‍എ സ്ഥാനം രാജി വെപ്പിക്കാത്തത്.
അതേസമയം രാഹുല്‍ സഭയില്‍ എത്തുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങളിലുള്ള സമ്മര്‍ദ്ദങ്ങള്‍ രാഹുലിന്റെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന ബഹളങ്ങളില്‍ മുങ്ങിപ്പോകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. കെപിസിസിയിലും രാഹുലിനെതിരേ എടുക്കുന്ന നടപടികളില്‍ രണ്ട് പക്ഷമുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ എതിര്‍ നിലപാട് എടുക്കുമ്പോള്‍ പാര്‍ട്ടിയിലെ വര്‍്ക്കിംഗ് പ്രസിഡന്റുമാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നും വിവരമുണ്ട്്. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ കസ്റ്റഡിമര്‍ദ്ദനം ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാക്കാനുള്ള ഉദ്ദേശത്തിലാണ് പ്രതിപക്ഷം.