-->
ഡാളസ്: വാഷിങ് മെഷീൻ പ്രവർത്തിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജറെ ക്യൂബൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിൽ നിന്ന് കുടിയേറിയ ചന്ദ്ര നാഗമല്ലയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി യോർദാനിസ് മാർട്ടിനെസിനെ പോലീസ് പിടികൂടി. കുടുംബത്തിന് മുന്നിൽ വച്ചായിരുന്നു പ്രതി നാഗമല്ലയ്യയെ കൊലപ്പെടുത്തിയത്. യോർദാനിസ് ക്രമിനൽ പശ്ചാത്തലത്തലമുള്ള ക്യൂബൻ പൗരനാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.
ഡാളസിലെ ഡൗൺടൗൺ സ്യൂട്സ് മോട്ടലിന്റെ മാനേജരായിരുന്നു കൊല്ലപ്പെട്ട ചന്ദ്ര നാഗമല്ലയ്യ. വാഷിങ് മെഷീൻ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് നാഗമല്ലയ്യയും യോർദാനിസും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തെ തുടർന്ന് മാർട്ടിനസ് നാഗമല്ലയ്യയെ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാഗമല്ലയ്യയുടെ ഭാര്യയും മകനും അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി പ്രതി നാഗമല്ലയ്യയെ ക്രൂരമായി ആക്രമിക്കുകയും തല ശരീരത്തിൽ നിന്ന് വേർപ്പെടുത്തി നിലത്തിട്ട് ചവിട്ടുകയും ചവറ്റുകൊട്ടയിലിടുകയും ചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.