-->
തൃശൂര്‍: കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി പോലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. എസ്എച്ച്ഒ ഷാജാഹാനെതിരേ വടക്കാഞ്ചേരി സ്‌റ്റേഷനിലേക്കായിരുന്നു കെഎസ് യു മാര്‍ച്ച്.
പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത കുട്ടികള്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജില്ലാനേതാക്കളുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എച്ച് ഒ ഷാജഹാന്റെ കോലം കത്തിച്ചു. മൂന്ന് തവണ ജലപീരങ്കി പ്രയോഗിം നടത്തിയിട്ടും കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും കെഎസ് യു പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിട്ടില്ല.
പോലീസിന് നേരെ ഇവര്‍ ചീമുട്ടയും കല്ലും കമ്പും എടുത്തെറിയുകയും ചെയ്തു. വടക്കാഞ്ചേരിയിലെ സിഐ വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ് യു വും പറഞ്ഞിരിക്കുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളിയെ തുടര്‍ന്ന് പോലീസ് ലാത്തിവീശി.