Thursday, March 12, 2026 Last Updated 20 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 11.47 AM

നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ്

uploads/news/2025/09/800509/rahul-mankoottam-600-360.gif

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ക്ക് കെപിസിസി. പാര്‍ട്ടിയില്‍ നിന്ന് മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്ത വിവരം സംബന്ധിച്ച് സ്പീക്കര്‍ക്ക് ഉടന്‍ കത്ത് നല്‍കുമെന്നാണ് സൂചന. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ഒരു വിഭാഗവും പങ്കെടുപ്പിക്കരുതെന്ന് മറുവിഭാഗവും നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കൂടിയാലോചനകള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം.

രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. സര്‍ക്കാരിനെതിരേ വിമര്‍ശനത്തിനായി അനേകം കാര്യങ്ങള്‍ ഉള്ളപ്പോള്‍ രാഹുലിനെ സഭയില്‍ പങ്കെടുപ്പിച്ചാല്‍ അതിന്റെ മുനയൊടിയുമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരാനിരിക്കുന്ന ആരോപണങ്ങള്‍ രാഹുല്‍ വിഷയത്തില്‍ മുങ്ങിപ്പോകുമോ എന്നാണ് ആശങ്ക.

ഭരണകക്ഷി അംഗങ്ങള്‍ മാങ്കൂട്ടത്തിലിന്റെ പീഡനം ആയുധമാക്കിയാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് വിലയിരുത്തുന്നു. രാഹുലിനെതിരെ ആരോപണങ്ങളും പരാതികളും പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്‍പാകെ ചില പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം രാഹുലിന് അവസരം നല്‍കണമെന്ന നിലപാട് എടുത്തിട്ടുള്ള നേതാക്കളുമുണ്ട്. ഷാഫി പറമ്പില്‍ അടക്കമുള്ളവരാണ് രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ തെറ്റില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. രാഹുലിനെ ചേര്‍ത്തുനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

അതിനിടയില്‍ രാഹുലിനെതിരേയുള്ള ലൈംഗികാപവാദക്കേസില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. രാഹുലിനെതിരേ ഉയര്‍ന്ന കേസില്‍ ഇരയുടെ ഗര്‍ഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ ഒരു സുഹൃത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവ വ്യവസായിയാണ് ഇയാളെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW