-->
കുഞ്ചാക്കോ ബോബനെന്ന താരത്തോട് പ്രണയവും ഇഷ്ടവും സ്നേഹവും തോന്നാത്ത മലയാളി പ്രേക്ഷകരില്ല. ആദ്യ സിനിമയിലൂടെ തന്നെ ചാക്കോച്ചനത് നേടിയെടുത്തതാണ്. ചെറുപ്പക്കാരുടെ ഹാര്‍ട്ട്ത്രോബായിരുന്ന കുഞ്ചാക്കോ ബോബന്‍ ക്യാരക്ടര്‍ വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് തന്റെ കൈയില്‍ ഏതു കഥാപാത്രവും ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്നും ചാക്കോച്ചന്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയാണ് അവരുടെ മകന്‍ ഇസഹാക്ക്. കുഞ്ഞ് ഇസുവിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. കുഞ്ചാക്കോ പങ്കിടുന്ന ചിത്രങ്ങളും റീല്‍സുകളും വഴി ഇസുവും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരപുത്രനാണ്. ആറു വയസ്സുള്ള ഇസുവിന്റെ കുറുമ്പുകളും കുസൃതിച്ചോദ്യങ്ങളുമൊക്കെ പലപ്പോഴും ചാക്കോച്ചന്‍ തന്നെ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഇസഹാഖും പ്രിയയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടി. പിഷാരടി പറയുന്നത് കേട്ട് ചിരിച്ച് കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനെയും വീഡിയോയില്‍ കാണാം. ‘‘ഒരു ദിവസം ഞാന്‍ ചാക്കോച്ചനെ വിളിച്ചപ്പോള്‍ ഇവര്‍ ഫാമിലിയായി ആലപ്പുഴ ഭാഗത്ത് ബോട്ടില്‍ പോകുകയാണെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍, കാര്യം രസമാണ്. സംഭവം എന്താണെന്ന് വച്ചാല്‍ ഇസഹാക്കിന് എന്നും കോഴിമുട്ട കഴിക്കാന്‍ കൊടുക്കും. ഒരു ദിവസം മുട്ട കഴിക്കാന്‍ കൊടുത്തിട്ട്, പ്രിയ അവനോട് ചോദിച്ചു, ‘നമുക്ക് ഈ മുട്ട എവിടുന്നാ കിട്ടുന്നത് എന്നറിയാമോ?’ എന്ന്. ‘ലുലുമാളില്‍ നിന്ന്...’ എന്ന് ഇവന്‍ പറഞ്ഞു.
അതുകേട്ട്, ഇപ്പോഴത്തെ തലമുറയ്ക്ക് പ്രകൃതിയുമായി ബന്ധമില്ല, ഇതൊന്നും മനസ്സിലാക്കുന്നില്ല എന്നു തോന്നിയിട്ട് പ്രിയ ഇസഹാഖിനെയും കൊണ്ട് ആലപ്പുഴ പോയി ബോട്ടെടുത്ത് ഒരു കോഴിവളർത്തല്‍ കേന്ദ്രത്തില്‍ വെളുപ്പിന് കൊണ്ടുപോയി താറാവും കോഴിയുമൊക്കെ മുട്ടയിടുന്നതു കാണിച്ചു കൊടുത്തു. അതുകണ്ട് അവൻ ചോദിക്കാ, ‘‘അഹ്.. മമ്മി എനിക്കിത്രനാളും കോഴിയുടെ അപ്പിയാണ് തിന്നാൻ തന്നിരുന്നത് അല്ലേ. ഞാനിനി മുട്ട കഴിക്കില്ല, ‘‘അതോടെ ആ ചെറുക്കൻ മുട്ട തീറ്റ നിർത്തി...’’ രമേഷ് പിഷാരടി പറഞ്ഞു. കുഞ്ചാക്കോ ബോബനും പിഷാരടിയും ഒന്നിച്ചെത്തിയ ഒരു വേദിയില്‍ വച്ചായിരുന്നു പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് സത്യമാണോ ചാക്കോച്ചാ എന്ന് അവതാരക ചോദിച്ചപ്പോള്‍, ‘പകുതി സത്യമാ’ എന്ന് ചിരിച്ചു കൊണ്ട് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ‘പകുതിയല്ല, മുഴുവന്‍ സത്യമല്ലേ ചാക്കോച്ചാ’ എന്ന് പിഷാരടി ചോദിച്ചതോടെ ‘കംപ്ലീറ്റ് സത്യമാ’ എന്ന് ചാക്കോച്ചന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇത് കേട്ട് സദസ്സിലുള്ളവരും സലീം കുമാറുമടക്കം പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ് ഈ വീഡിയോ
ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ലൂടെ ‘ഒരു രാജമല്ലി വിടുരുന്ന പോലെ’ പാട്ടും പാടി മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ബൈക്കോടിച്ച് കയറിക്കൂടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലുണ്ട്. അന്നുമുതല്‍ യുവതിയുവാക്കളുടെ ഹരമാണ് ചാക്കോച്ചനെന്ന നിത്യഹരിതനായകന്‍. പിന്നീട് നിറം, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട്, കസ്തൂരിമാന്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ താരം ചെറുപ്പക്കാരുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയായി. നാളുകള്‍ക്കിപ്പുറം വില്ലന്‍ വേഷങ്ങളും കരുത്തുറ്റ കഥാപാത്രങ്ങളടക്കം കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറി.