-->
മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ലോക - ചാപ്റ്റർ വണ്‍: ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ലോകയിലെ കല്യാണിയുടെ സൂപ്പര്‍ഹീറോ കഥാപാത്രവും പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഏറ്റെടുക്കുന്നത്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുന്ന ചിത്രം ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.
സിനിമയുടെ നെടുംതൂണായി മാറിയത് ദുല്‍ഖര്‍ സല്‍മാനാണെന്ന് സംവിധായകന്‍ ഡൊമിനിക് അരുണും സിനിമോട്ടോഗ്രാഫര്‍ നിമിഷ് രവിയും പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. മറ്റു പലരും സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ദുല്‍ഖര്‍ സിനിമ ഏറ്റെടുത്തത് ഒരു നിമിഷം പോലും ആലോചിക്കാതെയാണെന്ന് ഇവര്‍ രണ്ടാളും പറഞ്ഞിരുന്നു.
ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പറയുകയാണ്. സിനിമയുടെ റിലീസിന് മുന്നേ ദുല്‍ഖർ തന്നോട് പണം പോയാലും സാരമില്ല നല്ലൊരു പടം നിർമിച്ചുവെന്ന വിശ്വാസം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ബോക്സ് ഓഫീസ് നമ്പറുകള്‍ ശ്രദ്ധിക്കരുതെന്ന് പറഞ്ഞതായുമാണ് കല്യാണി പറഞ്ഞത്.
‘‘റിലീസിന്റെ തലേദിവസം ദുല്‍ഖർ എനിക്ക് മെസ്സേജയച്ചിരുന്നു. പടം ബോക്‌സ് ഓഫീസില്‍ എങ്ങനെ പെർഫോം ചെയ്യുമെന്ന കാര്യത്തില്‍ വലിയ ധാരണയില്ലായിരുന്നു. ‘ഈ സിനിമ കാരണം എന്റെ പൈസ പോയാലും വലിയ വിഷമമൊന്നും തോന്നില്ല. കാരണം നല്ലൊരു സിനിമ ചെയ്തു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്’ എന്നായിരുന്നു ദുല്‍ഖർ പറഞ്ഞിരുന്നത്. കാരണം, ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്താലും ഇല്ലെങ്കിലും നല്ല സിനിമയാണ് ഇതെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു.
എന്നെ കാസോ എന്നാണ് ദുല്‍ഖർ വിളിക്കുന്നത്. ‘കാസോ, നീയൊരിക്കലും ഈ സിനിമയുടെ കളക്ഷൻ നമ്പറുകള്‍ നോക്കരുത്. ഈ പടത്തിന്റെ നിർമാതാവെന്ന നിലയില്‍ ഞാൻ ഹാപ്പിയാണ്. ഇതിന് വേണ്ടിയാണ് നമ്മള്‍ സിനിമയിലേക്ക് വന്നത്. ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെങ്കിലും അത് ഈ സിനിമയുടെ യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തിയെന്ന് കരുതുക’ എന്നും ദുല്‍ഖർ പറഞ്ഞു. എനിക്കത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്...’’ കല്യാണി പ്രിയദർശൻ പറഞ്ഞു. സുധിർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്.
ലോക റിലീസായി ആദ്യ ആഴ്ച കൊണ്ടു തന്നെ 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രം വമ്പിച്ച പ്രേക്ഷക പിന്തുണയോടെയാണ് ഓരോ ദിവസവും പിന്നിടുന്നത്. കേരളത്തില്‍ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര.
കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ ഒരു അത്ഭുത ലോകമാണ് തുറന്നിട്ടത്. കല്യാണിയെക്കൂടാതെ നസ്ലെൻ, ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.