-->
മലയാളചലച്ചിത്ര സംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനായ ദേവൻ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും മറ്റ് അന്യഭാഷകളിലും ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന താരമാണ്. മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ എന്നും സുന്ദരനായ വില്ലനാണ് ദേവന്‍. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും അച്ഛന്‍ കഥാപാത്രങ്ങളുമടക്കം ചെയ്ത് ദേവന്‍ കൈയടി നേടിയിട്ടുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ചെയ്ത ദേവന്‍ മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം 1985ല്‍ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. ടിവി സീരിയലിലും താരം അച്ഛന്‍ കഥാപാത്രമായി തിളങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ദേവന്റെ ഭാര്യ സുമ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. എച്ച്1എൻ1 ബാധിച്ച് ചികിത്സയിൽ കഴിയവേ ആയിരുന്നു സുമയുടെ വേര്‍പാട്. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുകയാണ് ദേവൻ. ഐസ്ക്രീമിന്റെ അലർജി ശ്വാസകോശത്തെ ബാധിച്ചതാണെന്നും ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകുന്ന മാരകമായ അവസ്ഥയായിരുന്നുവെന്നും പറയുകയാണ് താരം.
‘‘അവള്‍ക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. വിട്ട് പോയിട്ട് നാല് വർഷം ആകാൻ പോകുന്നതെ ഉള്ളൂ. ചെന്നൈയില്‍ വച്ച് ഐസ്ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടല്‍ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പും നല്‍കി. പിന്നീട് നാട്ടില്‍, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടില്‍ വന്നിരുന്നു. ചേർത്തലയില്‍ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാൻ. കുട്ടികള്‍ക്ക് വേണ്ടി ഐസ്ക്രീമും വാങ്ങി വച്ചിരുന്നു. അവർ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു.
എനിക്ക് തോന്നുന്നത് ഇതൊന്നും ഓർക്കാതെ ഐസ്ക്രീം അവളെടുത്ത് കഴിച്ചു. ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാൻ വന്നപ്പോള്‍ വളരെ സീരിയസ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഐസ്ക്രീമിന്റെ അലർജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നു. അപ്പോള്‍ ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു...’’ ദേവന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു ദേവന്റെ പ്രതികരണം.
മുന്‍പൊരിക്കല്‍ ഭാര്യ പോയ ദിവസത്തെക്കുറിച്ച് ഒരു ഡോക്ടേഴ്സ് ഡേയില്‍ ദേവന്‍ പങ്കിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. തന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന ഉള്ളിൽ ഉണ്ടാകുമെന്നും അതില്‍ ഒരു മാറ്റവും ഇല്ലെന്നുമാണ് ദേവന്‍ പറഞ്ഞിട്ടുള്ളത്.
അമ്മാവൻ രാമു കാര്യാട്ടിന്റെ മകളായിരുന്ന സുമയാണ് ദേവന്റെ ഭാര്യ. 2019 ജൂലൈയില്‍ അൻപത്തി അഞ്ചാമത്തെ വയസിലാണ് സുമ ദേവന്റെ വിയോഗം. ഇവർക്ക് ലക്ഷ്മി എന്നൊരു മകളുണ്ട്. മരുമകൻ യു എസ്സിലുള്ള സുനില്‍ സുഗതനാണ്.
തന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവന്‍ പറഞ്ഞിട്ടുണ്ട്. ‘‘ഒരേ ക്യാംപസിൽ തന്നെ ആയിരുന്നു ഞാനും ഭാര്യയും പഠിച്ചത്, അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെകുറിച്ച് സുമയ്ക്ക് അറിയാം. എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായ സമയത്താണ് എനിക്ക് വിവാഹ ആലോചനകൾ നടക്കുന്നത്. സുമയുടെ ആലോചനയും അപ്പോഴാണ് വരുന്നത്. ആ വിവാഹം നടക്കാതെ ഇരിക്കാൻ താൻ ചെയ്ത പെടാപാടുകള്‍ കുറച്ചൊന്നുമല്ല. സുമയുടെ അമ്മ വീട്ടുകാർക്ക് എന്നെ ഒട്ടും ഇഷ്ടമായിരുന്നില്ല. അങ്ങനെ എങ്കിലും വിവാഹം മുടങ്ങും എന്നാണ് ഓർത്തത്. വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുമയ്ക്ക് ഞാന്‍ കത്തെഴുതി...
ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹ ബന്ധം ആയിരുന്നു. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമ്മകൾ ആണ് സുമയെക്കുറിച്ച് എന്റെ മനസ്സിൽ. എന്റെ ഭാര്യ ഒരു നിഷ്കളങ്ക ആയിരുന്നു, എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതും അത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും ആളുകളെ എല്ലാം ഞാൻ സഹായിക്കുന്ന ആളാണ്. അതിനെ ഒക്കെ സപ്പോർട്ട് ചെയ്തിരുന്നത് ഭാര്യ ആണ്. അവൾ എല്ലാത്തിനും ഒപ്പം നിൽക്കുന്നത് തന്നെ ആയിരുന്നു എന്റെ ഏറ്റവും വലിയ ബലം. എല്ലാ ദിവസവും വിരുന്നുകാർ ഉണ്ടാകും, അവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്നത് അവളാണ്.
ഇപ്പോഴും വീട്ടിൽ തനിയെ ഇരിക്കുമ്പോൾ മനസ്സ് നിറയെ അവളുടെ ഓർമ്മകൾ ആണ്. അപ്പോൾ ഞാൻ അവളിലെ കൂടുതൽ ഓർമ്മകളിലേക്ക് പോകും. ഓർമ്മ മാറ്റി നിർത്തിയാൽ പ്രശ്നം ആണ്. അവളും ഞാനും ആയി ജീവിച്ച നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളിൽ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോൾ...’’എന്നാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മുന്‍പൊരു അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞത്.