-->
മലയാളസിനിമാലോകം അടുത്തിടെയായി വിവാദങ്ങളിലും ചര്‍ച്ചകളിലുമൊക്കെ നിറയുകയാണ്. അമ്മ അസോസിയേഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ നിറയുന്നുണ്ട്. അതിനിടയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സാന്ദ്ര തോമസ് നല്‍കിയ പത്രിക തള്ളിയത്. അതിനു പിന്നാലെ മമ്മൂട്ടിക്കെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണം വലിയ വിവാദമായി മാറിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ട് പോകരുത് എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നും താനത് നിരസിച്ചതിന് പിന്നാലെ തന്റെ സിനിമയില്‍ നിന്നും മമ്മൂട്ടി പിന്മാറി എന്നുമാണ് അഭിമുഖത്തില്‍ സാന്ദ്ര ആരോപിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പറയുകയാണ് നടന്‍ ദേവന്‍. മമ്മൂട്ടി അത്തരത്തിലൊരാളല്ലെന്നും മമ്മൂട്ടിയോ മോഹന്‍ലാലോ അങ്ങനെയൊന്നും ചെയ്യുന്ന ആളുകളല്ലെന്നും താന്‍ അത് ഒരിക്കലും വിശ്വസിക്കില്ലെന്നുമാണ് ദേവന്‍ പറഞ്ഞത്.
‘‘മമ്മൂട്ടി അത്തരത്തിലൊരാളല്ല. മമ്മൂട്ടിയോ മോഹന്‍ലാലോ അങ്ങനെയൊന്നും ചെയ്യുന്ന ആളുകളല്ല, ഞാന്‍ അത് ഒരിക്കലും വിശ്വസിക്കില്ല. അമ്മ തിരഞ്ഞെടുപ്പിലേക്ക് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് കൊണ്ടാണ് നോമിനേഷന്‍ കൊടുത്തത് എന്നും അവരോട് ചോദിച്ചിട്ട് മാത്രമേ പിന്‍വലിക്കാനാകൂ എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവരൊക്കെ നമ്മളില്‍ നിന്നൊക്കെ ഒരുപാട് ഉയരത്തില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്ക് അതിന്റെ ആവശ്യമില്ല.
അമ്മയുടെ പ്രസിഡണ്ടായി ഞാന്‍ വരണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരായിരിക്കും അവര്‍. പക്ഷേ അവര്‍ എനിക്ക് വേണ്ടി വോട്ട് ചോദിക്കില്ല. അത് അംഗങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അല്ലാതെ താനോ മമ്മൂക്കയോ പറയുന്നത് കൊണ്ട് മാത്രം ആരും വോട്ട് ചെയ്യാന്‍ പോകരുത് എന്നാണ് പറഞ്ഞത്. അതാണ് അവരുടെ നന്മയും ചങ്കൂറ്റവും. അല്ലാതെ ഇയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യൂ എന്ന് പറയുന്ന നിലവാരമല്ല അവര്‍ക്ക് ഉളളത്.
ഞാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. അവരുടെ ആകുലതകളെല്ലാം അറിയാം. എപ്പോഴും ഫോണ്‍ ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുന്നവരല്ല. അങ്ങനെയൊരു ബന്ധം ഇല്ല. മൂന്ന് പേരും എന്നെ വളരെ അധികം സ്‌നേഹിക്കുന്നവരാണ്. ഞാനും ഇവരെ വളരെ അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
പ്രേക്ഷകരോ മാധ്യമങ്ങളോ വരച്ച് കാട്ടുന്നത് പോലുളള ആളുകളല്ല അവര്‍. ഒരുപാട് നന്മകള്‍ ഉളളവരാണ് അവര്‍. അത് മനസ്സിലാക്കിപ്പിക്കുക എന്നതാണ് അമ്മ പ്രസിഡണ്ട് ആവുകയാണെങ്കില്‍ എന്റെ ഒരു ചുമതല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ മഹത്വം മനസ്സിലാക്കിപ്പിക്കുക, അവരിലേക്ക് ജനങ്ങളെ അടുപ്പിക്കുക എന്നതാണ് ഒരു അജണ്ട. ഇപ്പോള്‍ ഒരു അകലം ഉണ്ട്. അത് ഒരു തെറ്റിദ്ധാരണയാണ്. മമ്മൂട്ടി ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെ പറയുന്നത് വെറുതേയാണ്. മമ്മൂട്ടി ദേഷ്യക്കാരനേ അല്ല. മോഹന്‍ലാല്‍ അത്രയും സൗമ്യനായി ഇടപെടുന്ന ആളാണ്...’’ ദേവന്‍ പറഞ്ഞു.