Saturday, March 14, 2026 Last Updated 19 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 09.00 AM

നിരന്ന പൊലീസ് സേന, ക്യാമറക്കണ്ണുകളുമായി മാധ്യമങ്ങള്‍, നടുവില്‍ തീപാറുന്ന നോട്ടവുമായി ബിജു മേനോന്‍; താരത്തിന്റെ ജന്മദിനത്തില്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ട് ജീത്തു ജോസഫ്

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് ബിജു ​മേനോനാണ്. ഇപ്പോഴിതാ ബിജുവിന്റെ ജന്മദിനത്തില്‍ ‘വലതു വശത്തെ കള്ള​​ന്റെ’ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിടുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
Jeethu Joseph, Biju Menon, 'Valathu Vasathe Kallan' movie
Jeethu Joseph shares character poster of valathu vashathe kallan movie (Image Source: Instagram)

സഹനായകന്‍, നായകന്‍, വില്ലന്‍, സ്വഭാവനടന്‍ എന്നിങ്ങനെ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളും തന്റേതായ രീതിയില്‍ മികച്ചതാക്കുന്ന താരമാണ് ബിജു മേനോന്‍. നായകൻ, വില്ലൻ, ആക്ഷൻ, കോമഡി, സെന്റിമെന്റ്സ് തുടങ്ങി എന്തും ഭദ്രമായി ഏല്‍പ്പിക്കാവുന്ന അപൂർവം ചില അഭിനേതാക്കളില്‍ ഒരാള്‍. താരം വെള്ളിത്തിരിയിലെത്തിച്ച മിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. താരത്തിന്റെ 55-ാം ജന്മദിനം ആണിന്ന്. ആരാധകരും സഹതാരങ്ങളും സിനിമാമേഖലയിലുള്ള മിക്കവരും താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേർന്നുകൊണ്ട് ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളന്റെ’ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തില്‍ ആന്റണി സേവ്യർ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ‘‘ആന്റണി സേവ്യറിന് ജന്മദിനാശംസകൾ നേരുന്നു...’’ എന്ന് കുറിച്ചാണ് ജീത്തു ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോലീസ് വേഷത്തില്‍ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് ജീത്തു പങ്കിട്ടിരിക്കുന്നത്. നിരന്ന പൊലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കും നടുവില്‍ തീപാറുന്ന നോട്ടവുമായി നില്‍ക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്.
ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളനി’ല്‍ ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇർഷാദ് അലി, ലെന, ഷാജു ശ്രീധർ, ലിയോണ ലിഷോയ്, കെ യു മനോജ് എന്നിവരും ചിത്രത്തിലുണ്ട്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. കൊച്ചി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍.

യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് സിനിമയുടെ ടൈറ്റില്‍ സൂചന നല്‍കിയിട്ടുള്ളത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറക്കിയത്.
1995-ല്‍ ‘പുത്രൻ’ എന്ന സിനിമയില്‍ നായകനായാണ് ബിജു മേനോൻ അഭിനയരംഗത്തെത്തിയത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മേഘമല്‍ഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള്‍ താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കി. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഖിലചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. 2021ല്‍ ആർക്കറിയാം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ബിജു മേനോൻ സ്വന്തമാക്കി. 2022ല്‍ അയ്യപ്പനും കോശിയിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ബിജു മേനോൻ നേടി.

Ads by Google
Wednesday 10 Sep 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW