-->
കണ്ണൂർ : ലഹരി മരുന്ന് വിൽപ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സി.നിഖിലയെയാണ് (30) ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും.പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ തടങ്കലിൽ വെക്കാം.ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനാലാണ് നിഖിലയെ ബുള്ളറ്റ് ലേഡി എന്ന് വിളിക്കുന്നത്. ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് അരികിലെത്തി മയക്കുമരുന്ന് കൈമാറുകയാണ് നിഖില ചെയ്യുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖില പിടിയിലായിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. 2023 ൽ കഞ്ചാവ് വിൽക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടി. ജയിൽ മോചിതയായതിന് പിന്നാലെ കച്ചവടം വിപുലമാക്കി. മയക്കുമരുന്ന് വില്പനയിൽ കേന്ദ്രീകരിക്കുകയായിരുന്നു. അനധികൃത ഇടപാടുകൾ തിരിച്ചറിഞ്ഞ എക്സൈസ് നിഖിലയ്ക്ക് പിന്നാലെ കൂടുകയായിരുന്നു. ഒടുവിൽ തെളിവ് സഹിതമാണ് ഈ വർഷം ഫെബ്രുവരിയിൽ സ്വന്തം വീട്ടിൽ നിന്ന് പിടിയിലായത്.