-->
ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രം 'ഹൃദയപൂർവ്വം' ബോക്സ് ഓഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ്. മോഹൻലാലിനൊപ്പം ഓണം റിലീസിനെത്തിയ ലോകയും തിയേറ്ററുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നസ്ലിന്‍. ഫീൽ ഗുഡ് വൈബ് ആണെന്നും സംഗീത് പ്രതാപിന്റെ അഭിനയം അതിശയിപ്പിച്ചെന്നും നസ് ലെൻ പറഞ്ഞു.
'സിനിമ കണ്ടു, എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു, മുഴുവൻ സമയവും ഒരു സുഖകരമായ അന്തരീക്ഷം, അതിൽ നിങ്ങൾ അതിശയകരമായിരുന്നു! സത്യം പറഞ്ഞാൽ, നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട് സംഗീതേട്ടാ…', നസ്ലെൻ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് നസ് ലെൻ സിനിമയെ അഭിനന്ദിച്ചിരിക്കുന്നത്.
അതേസമയം, ഓണത്തിന് പ്രേക്ഷകർക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് 'ഹൃദയപൂർവ്വം' എന്ന സിനിമയെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകർക്ക് ഒരുമിച്ച് തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. . ഹൃദയപൂർവ്വം 50 കോടിയിലധികം നേടി മുന്നേറുകയാണ്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്നത്.
സംഗീത മാധവൻ നായർ, മാളവിക മോഹനൻ,സംഗീത് പ്രതാപ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന കഥാതന്തുവാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷനുകൾ തന്നെ ഈ ചിത്രത്തിന്റെ വിജയത്തിന്റെ സൂചന നൽകിയിരുന്നു. ഇത് മോഹൻലാലിൻ്റെ ഈ വർഷത്തെ മൂന്നാമത്തെ ഹിറ്റ് ചിത്രം കൂടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.