-->
ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വംശജന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കാരിയായ വെരിറ്റി വാന്‍ഡല്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വിഡിയോയാണിത്. ഇന്ത്യന്‍ വംശജനായ ഒരു പോസ്റ്റ്മാന്‍ തന്റെ വീട്ടില്‍ അലക്കിയിട്ട തുണി മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ എടുത്തുവെച്ചുവെന്നും അയാളുടെ പ്രവൃത്തി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നുമാണ് സിസിടിവി ഫൂട്ടേജുകള്‍ അടക്കം പോസ്റ്റ് ചെയ്തുകൊണ്ട് വെരിറ്റി വാന്‍ഡല്‍ കുറിച്ചു.
വാന്‍ഡലിന്റെ വീട്ടില്‍ ഒരു പാഴ്‌സല്‍ നല്‍കാനെത്തിയതായിരുന്നു പോസ്റ്റ്മാന്‍. ഇതിനിടയില്‍ മഴ പെയ്തു. അപ്പോഴാണ് മുറ്റത്ത് അലക്കിയിട്ട തുണികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം ആ തുണികളെല്ലാം അയയില്‍ നിന്നെടുത്ത് മഴ കൊള്ളാത്തിടത്ത് കൊണ്ടുപോയി വെക്കുന്നതും വിഡിയോയില്‍ കാണാം. നിരവധി പേര്‍ പോസ്റ്റ്മാനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. ഇയാളുടെ നിസ്വാര്‍ത്ഥ പ്രവൃത്തിയെ അഭിനന്ദിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും. നടി പ്രിയങ്കാ ചോപ്ര ഈ വിഡിയോ ലൈക്ക് ചെയ്യുകയും പോസ്റ്റ്മാനെ അഭിനന്ദിച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തു.