-->
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന വിശ്വാസസംഗമത്തില്‍ ബിജെപിയുടെ ദേശീയനേതാക്കളെയും പങ്കെടുപ്പിക്കാന്‍ ആലോചന. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കാലത്ത് രൂപപ്പെടുത്തിയ ശബരിമല കര്‍മ്മസമിതിയെ സംഗമത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് പരിപാടി നടത്താനാണ് ഉദ്ദേശമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പരിപാടി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭകാലത്ത് എല്ലാ സംഘടനകളെയും ഒരുമിപ്പിച്ച് കൊണ്ടുവന്ന പ്ലാറ്റ്‌ഫോമായിരുന്നു ശബരിമല കര്‍മ്മസമിതി. ഇതിനെ പന്തളത്ത് ഹിന്ദുഐക്യവേദി നടത്താനിരിക്കുന്ന ബദല്‍ വിശ്വാസസംഗമത്തിന് വേണ്ടി വീണ്ടും കൊണ്ടുവരാനാണ് ഉദ്ദേശം. സെപ്തംബര്‍ 22 ന് പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയിലേക്ക് അമിത്ഷാ, യോഗി ആദിത്യനാഥ് മുതലായ ദേശീയ വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് അയ്യപ്പസംഗമത്തി ശക്തമായ മറുപടിയായി മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയോ സംഘടനയോ സമുദായമോ പരിഗണിക്കാതെ അയ്യപ്പവിശ്വാസിയായ ആര്‍ക്കും പങ്കെടുക്കാം എന്ന നിലയിലുള്ള പരിപാടിയാണ് ഉദ്ദേശിക്കുന്നത്. പരിപാടിയില്‍ പന്തളം കെട്ടാരത്തിന്റെയും എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടേയും മുഴുവന്‍ വിശ്വാസികളുടെയും സാന്നിദ്ധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. പരിപാടിക്ക് പിന്തുണ തേടി കുമ്മനം രാജശേഖരന്‍ പന്തളം കൊട്ടാരത്തില്‍ എത്തുകയും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പരിപാടി തങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ അതിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കുമ്മനം പറഞ്ഞു. ശബരിമലയെ കച്ചവടകേന്ദ്രമാക്കുന്നതിനോട് ബിജെപി യോജിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. അതേസമയം തന്നെ എതിര്‍പ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് ആഗോള അയ്യപ്പസംഗമം ഏറ്റവും നല്ല രീതിയില്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ദേവസ്വംബോര്‍ഡും. സാമുദായിക സംഘടനാനേതാക്കളെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വിദേശികള്‍ എന്നിവരെയൂം ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരുന്നുണ്ട്.
ആഗോള അയ്യപ്പസംഗമത്തില്‍ ബിജെപിയും കോണ്‍ഗ്രസും നേരത്തേ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ കാപട്യമെന്നാണ് കോണ്‍ഗ്രസ് പരിപാടിയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ പത്തുവര്‍ഷവും പരിപാടി നടത്താത്ത ദേവസ്വം തെരഞ്ഞെടുപ്പ്് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി വരുന്നത് രാഷ്ട്രീയ നാടകമാണെന്നാണ് വിമര്‍ശിച്ചിരിക്കുന്നത്. നേരത്തേ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും അതുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.