-->
വെറും മുപ്പതു കോടി മാത്രം മുടക്കി റിലീസായ ആദ്യ നാല് ദിവസങ്ങള്‍ കൊണ്ടു തന്നെ ആഗോള തലത്തില്‍ നിന്ന് 65 കോടിയോളം നേടിയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫററര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ മുന്നേറുന്നത്. സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും എഡിറ്റിംഗിനും സംഗീതത്തിനും ക്യാമറയ്ക്കും ആര്‍ട്ട് വര്‍ക്കിനും എന്നു വേണ്ട എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന അഭിപ്രായവും ഗംഭീര സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്ര കഥാപാത്രമായ ചന്ദ്ര എന്ന ലേഡി സൂപ്പര്‍ഹീറോയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. കല്യാണിയുടെ മികച്ച അഭിനയത്തിന് നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവുമധികം പ്രശംസ നേടുന്നത് നസ്ലെന്റെ സണ്ണി എന്ന കഥാപാത്രമാണ്. ഭാവിയിലെ വലിയ താരമായാണ് നസ്ലെനെ കണക്കാക്കുന്നത്. നസ്ലെന്‍ ചിത്രങ്ങള്‍ എന്നത് ഇന്നൊരു മിനിമം ഗ്യാരന്റിയാണ്. സണ്ണിയെന്ന കഥാപാത്രത്തിലൂടെ വീണ്ടും താരമിത് അരക്കിട്ടുറപ്പിക്കുന്നുമുണ്ട്.
ലോകയുടെ വിജയത്തില്‍ ടൊവിനോയ്ക്കും ദുല്‍ഖറിനും ഒപ്പമുള്ള ചിത്രം നസ്ലെൻ പങ്കുവെച്ചിരുന്നു. അബുദബിയില്‍ നടന്ന ചിത്രത്തിന്റെ സ്പെഷ്യല്‍ സ്ക്രീനിംഗ് സമയത്താണ് നസ്ലെൻ താരങ്ങള്‍ക്കൊപ്പം ചിത്രമെടുത്തത്. ‘‘പ്രശസ്തരായ സൂപ്പർസ്റ്റാറുകളുടെ ഇടയില്‍ അത്ഭുതം തോന്നുന്നു, പക്ഷേ നന്ദിയുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നസ്ലെൻ സോഷ്യല്‍ മീഡിയയില്‍ ആ ചിത്രം പങ്കുവെച്ചത്.
ഇപ്പോഴിതാ ആ ചിത്രത്തിന് കിടിലന്‍ കമന്റ് നല്‍കുകയാണ് ദുല്‍ഖർ സല്‍മാൻ. ‘‘എടാ സൂപ്പർസ്റ്റാറെ...’’ എന്നാണ് ദുല്‍ഖർ ചിത്രത്തിന് നല്‍കിയ കമന്റ്.
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുണ്‍ എന്നിവരു ആ സ്പെഷ്യല്‍ സ്ക്രീനിംഗിന് ഒപ്പം എത്തിയിരുന്നു. ‘‘ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണ്, മുഴുവൻ ക്രെഡിറ്റും ടീമിനും നല്‍കുന്നു, ഞാന്‍ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം...’’ എന്നാണ് ആ ചടങ്ങില്‍ വച്ച് ദുല്‍ഖര്‍ പറഞ്ഞത്.
അതേസമയം, മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ് ലോക കൈവരിച്ചിരിക്കുന്നത്. തരംഗമായി മുന്നേറുന്ന ചിത്രത്തിന്റെ പ്രദര്‍ശനം കേരളത്തിലെ കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളില്‍ ട്രെൻഡിങ്ങായി കഴിഞ്ഞു.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുണ്‍ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങള്‍ മാത്രമല്ല കാമിയോ വേഷങ്ങള്‍ക്കും തിയേറ്ററില്‍ നിറഞ്ഞ കൈയടി കിട്ടുന്നുണ്ട്. പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുല്‍ഖർ സല്‍മാനും സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം എന്ന് സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുകയാണ് പ്രേക്ഷകര്‍.