Thursday, March 12, 2026 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 09.02 AM

‘ലോക’യിലെ ആ സംഭാഷണം കന്നഡക്കാരുടെ വികാരത്തെ വ്രണപ്പെടുത്തി; സംഭാഷണം നീക്കം ചെയ്യാൻ വേഫെറർ ഫിലിംസ്; ഒപ്പം ക്ഷമാപണവും കുറിച്ച് കമ്പനി

പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടി നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ‘​ലോക ചാപ്റ്റര്‍ 1 ചന്ദ്ര’. പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോഴും സിനിമയിലെ ഒരു സംഭാഷണം കന്നഡ വികാരത്തെ വ്രണപ്പെുടത്തിയെന്ന ആരോപണം വന്നിരുന്നു. ഇപ്പോഴിതാ ആ സംഭാഷണം നീക്കം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനി.
Lokah movie, Dulquer's Wayfarer films, Lokah movie hurt Kannada sentiments
Wayfarer films decide to remove dialogue from Lokah Movie (Image Source: Instagram)

പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ ഹീറോ ചിത്രം ലോക: ചാപ്റ്റര്‍ 1: ചന്ദ്ര. ചന്ദ്ര എന്ന സൂപ്പര്‍ഹീറോയാണ് ഇന്ന് യുവതലമുറകള്‍ക്കിടയിലെ തരംഗം. ലോക എന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. തകര്‍പ്പന്‍ പ്രകടനവുമായി കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫറര്‍ ഫിലിംസാണ്.
സിനിമയുമായി ഒരുപാട് പേരെ സമീപിച്ചെങ്കിലും പലരും പിന്നീട് ചെയ്യാമെന്ന് പറഞ്ഞതെന്നും പിന്നീട് ദുല്‍ഖറിന്റെ വെയ്ഫററര്‍ ഫിലീംസാണ് സിനിമ സത്യമാക്കിയതെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകന്‍ ഡൊമിനിക് അരുണും ഛായാഗ്രാഹകന്‍ നിമിഷ് രവിയും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 30 കോടി മുടക്കി നിര്‍മ്മിച്ച സിനിമ ബോക്സ് ഓഫീസിലും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിനങ്ങളില്‍ തന്നെ ചിത്രം ആഗോള തലത്തില്‍ 80 കോടി രൂപ നേടിയിരുന്നു. കഥയ്ക്കും മേക്കിംഗിനും ഓരോ രംഗങ്ങള്‍ക്കുമടക്കം മികച്ച പ്രതികരണങ്ങള്‍ മാത്രമാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചിത്രം കന്നഡ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
ഇപ്പോഴിതാ ദുല്‍ഖറിന്റെ വെഫറര്‍ ഫിലിംസ് പങ്കിട്ടിരിക്കുന്ന ഒരു ഔദ്യോഗിക പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ വില്ലന്‍ കഥാപാത്രം പറയുന്ന ഒരു സംഭാഷണം കർണാടകയിലെ ആളുകളുടെ വികാരങ്ങളെ അബദ്ധവശാൽ വ്രണപ്പെടുത്തിയതില്‍ ഖേദം കുറിച്ചും ക്ഷമാപണം അഭ്യര്‍ത്ഥിച്ചുമാണ് കമ്പനിയുടെ പോസ്റ്റ്. ആ ഡയലോഗിൽ മാറ്റംവരുത്തുമെന്നും കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂർവ്വമുള്ളതായിരുന്നില്ല അതെന്നും ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് പ്രസ്താവനയിൽ പറഞ്ഞു.
‘‘ഔദ്യോഗിക പ്രസ്താവന... ഞങ്ങളുടെ ലോക: ചാപ്റ്റര്‍ 1: ചന്ദ്ര എന്ന സിനിമയിലെ കഥാപാത്രങ്ങളിൽ ഒരാൾ പറഞ്ഞ ഒരു സംഭാഷണം കർണാടകയിലെ ആളുകളുടെ വികാരങ്ങളെ അവിചാരിതമായി വ്രണപ്പെടുത്തിയെന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വേഫെറര്‍ ഫിലിംസ് മറ്റെല്ലാത്തിനുമുപരി മനുഷ്യര്‍ക്കാണ് പരിഗണന നല്‍കുന്നത്.
ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു...-ടീം വെയ്ഫറര്‍ ഫിലിംസ്...’’ എന്നാണ് ദുല്‍ഖറിന്റെ വെഫറര്‍ ഫിലിംസ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരിക്കുന്ന ഔദ്യോഗിക പ്രസ്താവന.
ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിലെ ഇത്തരം സംഭാഷണങ്ങളും രംഗങ്ങളും നീക്കം ചെയ്യണമെന്നും ആവശ്യം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്.
എന്നാല്‍ ഈ പോസ്റ്റിനു താഴെ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്. ‘ആ സംഭാഷണം ഒരു വില്ലൻ പറയുന്നത് അയാളുടെ സ്വഭാവം വെളിപ്പെടുത്തുന്ന വിധത്തിലാണ്. ആളുകൾ ശരിയല്ല, പിന്നെ എന്തിനാണ് അത് നീക്കം ചെയ്യുന്നത്?, ഇതൊരു സിനിമ മാത്രമാണ്, കന്നഡക്കാർ ആ അർത്ഥത്തിൽ തന്നെ ഇതിനെ എടുക്കും, അവർ നല്ല ആളുകളാണ്...’ എന്നതടക്കമുള്ള കമന്റുകളും ‘നമ്മുടെ ഊരു ഹുഡുഗിയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭാഷണം ബെംഗളൂരുവിൽ ചിത്രീകരിച്ചതിനാൽ ഇപ്പോൾ അത് നീക്കം ചെയ്തതിന് അഭിനന്ദനങ്ങൾ. യഥാർത്ഥ കന്നഡ സ്ത്രീകളുടെ മൂല്യവും സംസ്കാരവും എനിക്കറിയാം...’ എന്ന കമന്റുകളുമുണ്ട്.

ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ 'ലോക'യ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പലരും ഇക്കാര്യം ​സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‘‘കന്നഡ സിനിമയായ ‘ഭീമ’, മലയാളം സിനിമകളായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ആവേശം’, ഇപ്പോൾ ‘ലോക’ എന്നീ ചിത്രങ്ങളിൽ ബെംഗളൂരുവിനെ മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരുകാലത്ത്, സിനിമകളിൽ മനോഹരമായ ഒരു പട്ടണമായി ബെംഗളൂരുവിനെ കാണിച്ചിരുന്നു എന്നും ഇപ്പോൾ അനിയന്ത്രിതമായ കുടിയേറ്റം കാരണമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്...’’ എന്നാണ് എന്ന് ദേശീയ അവാർഡ് ജേതാവായ കന്നഡ സംവിധായകൻ മൻസോർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം, കർണാടക സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ ഈ വിഷയം പരിശോധിക്കുകയാണെന്നും നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചിട്ടുണ്ട്.
സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചിരുന്നു.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകമാണ് ‘ലോക’ തുറന്നിട്ടിരിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നിയ സൂപ്പര്‍ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചിരിക്കുന്നത്.

Ads by Google
Wednesday 03 Sep 2025 09.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW