-->
ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാര്‍ മലയാളികള്‍ക്കും ഏറെയിഷ്ടമുള്ള താരമാണ്. ആക്ഷന്‍ രംഗങ്ങള്‍ അക്ഷയ് കുമാറിനെപ്പോലെ മികച്ച രീതിയില്‍ ചെയ്യുന്ന അഭിനേതാക്കള്‍ കുറവാണെന്ന് തന്നെ പറയാം. പ്രിയദര്‍ശന്‍ തന്റെ ഹിറ്റ് ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അക്ഷയ് കുമാര്‍ കൈയടി നേടിയിട്ടുണ്ട്.ഒരുപാട് ഹിറ്റ് സിനിമകളിലൂടെ പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ കോമ്പോ ജനഹൃദയം കീഴടക്കിയിട്ടുണ്ട്.
നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒരുമിച്ച് സ്ക്രീന്‍ പങ്കിടുന്ന പുതിയ പ്രൊജക്ട് ‘ഹായ്വാന്‍’ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ്വാന്‍. ഇതില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടെന്ന് പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഈ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് അക്ഷയ് കുമാര്‍ കേരളത്തിലുണ്ട്.
ഇപ്പോഴിതാ മലയാളത്തനിമയില്‍ കുര്‍ത്തയും കസവു മുണ്ടും ധരിച്ച അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്. ഗുരുവായൂര്‍ ദര്‍ശനം നടത്താനായി അക്ഷയ് കുമാര്‍ എത്തിയ സമയത്തുള്ളതാണ് ഈ ചിത്രങ്ങള്‍. ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ആദ്യമായാണ് അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.