-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ തന്റെ വിദ്യാര്‍ത്ഥിനിക്ക് അയച്ച സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുലര്‍ച്ചെ 3:49 ന് അസൈന്‍മെന്റ് മെയില്‍ ചെയ്ത വിദ്യാര്‍ഥിനിയോട് 'ഇങ്ങനെ ഉറക്കം കളയേണ്ട' എന്നായിരുന്നു പ്രൊഫസറുടെ മറുപടി. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കവിത കാംബോജ് ആണ് തന്റെ വിദ്യാര്‍ത്ഥിനിക്ക് ഇത്തരത്തില്‍ ഒരു സന്ദേശം അയച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മാര്‍ത്ഥതയിലും പ്രതിബദ്ധതയിലും തനിക്ക് മതിപ്പു തോന്നിയെങ്കിലും രാത്രി ഏറെ വൈകിയുള്ള അധ്വാനത്തെ കുറിച്ച് ആശങ്ക തോന്നിയെന്നാണ് കവിത കാംബോജ് വ്യക്തമാക്കിയത്.
കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണെങ്കിലും, അസൈന്‍മെന്റുകള്‍ക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും പ്രൊഫസര്‍ അഭിപ്രായപ്പെട്ടു. ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് ശരിയായ രീതിയിലുള്ള പ്ലാനിംഗാണ് ഇത്തരം കാര്യങ്ങളില്‍ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം ബലികഴിച്ചുകൊണ്ട് ആരും ഒന്നും ചെയ്യരുതെന്നും അവര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പ്രൊഫസര്‍ എഴുതിയത് ഇങ്ങനെയാണ്, 'പ്രിയ വിദ്യാര്‍ത്ഥികളേ, മികച്ച പ്ലാനിംഗിലൂടെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജോലിക്കായി നിങ്ങളുടെ ഉറക്കമൊന്നും ത്യജിക്കേണ്ട ആവശ്യമില്ല. എന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പുലര്‍ച്ചെ 3:49 ന് എനിക്ക് ഒരു അസൈന്‍മെന്റ് അയച്ചു. ആത്മാര്‍ത്ഥത പ്രശംസനീയമാണെങ്കിലും, അത് ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന പ്രവൃത്തിയാണ്. ശരിയായ വിശ്രമമില്ലാതെ നടത്തുന്ന ഏറ്റവും മികച്ച ശ്രമങ്ങള്‍ക്ക് പോലും അര്‍ത്ഥമില്ല. നിങ്ങളുടെ ദിവസം നന്നായി പ്ലാന്‍ ചെയ്യുക. നന്നായി ഉറങ്ങുക. ഊര്‍ജ്ജസ്വലതയോടെയും വ്യക്തതയോടെയും പ്രവര്‍ത്തിക്കുക. സമയപരിധികളേക്കാള്‍ നിങ്ങളുടെ ക്ഷേമം പ്രധാനമാണ്.'
ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുലര്‍ച്ചെ തനിക്ക് അസൈന്‍മെന്റ് അയച്ച വിദ്യാര്‍ത്ഥിനിക്ക് മറുപടിയായി പ്രൊഫസര്‍ കവിത അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു, 'ശ്രീ, നിങ്ങള്‍ ചെയ്ത ജോലി അഭിനന്ദനീയമാണ്. പ?ക്ഷേ, ഒരു അഭ്യര്‍ത്ഥനയുണ്ട്, ജോലിക്കായി നിങ്ങളുടെ ഉറക്കം വേണ്ടെന്നുവച്ചാല്‍, അതില്‍ അര്‍ത്ഥമില്ല. ഏത് സഹായത്തിനും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. നല്ല ഉറക്കവും കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ചശേഷം എന്നെ വിളിക്കൂ.'