-->
പത്തനംത്തിട്ട : ഭർത്താവിനെ തല്ലിക്കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഭാര്യ പിടിയിൽ. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് പിടിയിലായത്. ഭർത്താവ് രത്നാകരനെ കൊലപ്പെടുത്തിയ ശാന്ത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ രത്നാകരനെ വിറക് കഷ്ണം കൊണ്ട് ശാന്ത അടിച്ചു കൊല്ലുകയായിരുന്നു . കേസിൽ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ശാന്ത പുറത്തിറങ്ങിയിരുന്നു. പിന്നാലെ ഒളിവിൽ പോയി.
പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെച്ചൂച്ചിറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.