-->
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മേഖലയില്‍ വീണ്ടും മേഘസ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം. റിയാസി, റംബാന്‍ ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ പ്രദേശത്തെ ബദ്ദര്‍ ഗ്രാമത്തില്‍ നാസിര്‍ അഹ്മദിന്റെ (38) വീടിന് മുകളിലേക്ക് രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ അദ്ദേഹവും ഭാര്യയും 5 മുതല്‍ 13 വരെ പ്രായമുള്ള അഞ്ച് കുട്ടികളും മരിച്ചു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.
റംബാന്‍ ജില്ലയിലെ രാജ്ഗഡ് ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാവുകയും ചെയ്തു. അഞ്ച് പേരെയാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓം രാജ്, വിദ്യ ദേവി, ദ്വാരക നാഥ് എന്നിവരുടെയും തിരിച്ചറിയാത്ത ഒരാളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളെ കാണാതായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ 160-ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് കത്രയ്ക്കും ജമ്മുവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ അഞ്ചാം ദിവസവും നിര്‍ത്തിവെച്ചു. ശ്രീനഗര്‍-ജമ്മു ദേശീയപാതയും അടച്ചിട്ടിരിക്കുകയാണ്. റോഡ് ഗതാഗതം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജമ്മു ഡിവിഷനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് 30 വരെ അവധിയായിരിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറാന്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടുദിവസം പെയ്ത മഴയിലുണ്ടായ നാശനഷ്ടങ്ങളില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആശങ്ക രേഖപ്പെടുത്തി. 2014-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഒന്നര ദിവസം കൂടി മഴ പെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നു. 2014-ലെ വെള്ളപ്പൊക്കത്തിന് ശേഷം നാം എന്താണ് ചെയ്തതെന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് ഭയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.