-->
കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ഇന്ന് തറക്കല്ലിടല്‍. ആദ്യ ടൗണ്‍ഷിപ്പിന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി തറക്കല്ലിടും. ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ തീരുമാനം ഡിസംബറോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്.
സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് നിര്‍മ്മാണം. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടല്‍ ചടങ്ങ് നടക്കുക. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച പന്തലിലാണ് ഉദ്ഘാടന ചടങ്ങുകള്‍. റവന്യൂ മന്ത്രി കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
വീടുകള്‍, സ്ഥാപനങ്ങള്‍, പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, വ്യാപാര- വാണിജ്യ കേന്ദ്രം, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മിക്കും. സംഘടനകളും സ്‌പോണ്‍സര്‍മാരും വീടുവച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മിക്കുക. 26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയാകില്ലെന്നും ഏറ്റെടുക്കുന്ന 74 ഹെക്ടര്‍ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം.
ഭൂമിയുടെ വിപണി വിലയ്ക്ക് ആനുപാതികമല്ല നഷ്ടപരിഹാരത്തുക. 64 ഹെക്ടര്‍ ഭൂമിക്ക് 20 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഇത് വിപണി വിലയുടെ 5 ശതമാനം തുക മാത്രമാണ്. ഭൂമി ഏറ്റെടുക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് നഷ്ടപരിഹാരത്തുക എന്നുമാണ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം എന്നാണ് ആവശ്യം. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.